ചെറുപ്പത്തിലേ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകുന്നത് ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോൾ, ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ എല്ലായിടത്തും ലഭ്യമാകണമെന്നില്ല. തന്റെ കുഞ്ഞിനായി ആരോഗ്യകരമായ ഭക്ഷണം കണ്ടെത്താനുള്ള ഈ അന്വേഷണമാണ് ഒരു യുവതിയെ എൻജിനീയറിങ് ജോലി ഉപേക്ഷിച്ച് മില്ലറ്റ് (ചെറുധാന്യങ്ങൾ) അധിഷ്ഠിത ബേബി ഫുഡ് ബിസിനസ്സ് ആരംഭിക്കാൻ പ്രേരിപ്പിച്ചതും, ഇന്ന് 1 കോടി രൂപയിലധികം വിറ്റുവരവുള്ള ഒരു പ്രസ്ഥാനമാക്കി മാറ്റിയതും.
ഇന്ത്യൻ സൈന്യത്തിനായി റോക്കറ്റുകൾ രൂപകൽപ്പന ചെയ്തിരുന്ന ജ്യോതി ശ്രീവാസ്തവ എന്ന എൻജിനീയറാണ് 2022-ൽ ‘ലിറ്റിൽ ചെറി മോം’ (Little Cherry Mom) എന്ന സംരംഭത്തിന് തുടക്കമിട്ടത്. ഇൻസ്റ്റന്റ് ദോശ മിക്സുകൾ, മില്ലറ്റ് പൊടികൾ, പഞ്ചസാരയോ ശർക്കരയോ ചേർക്കാത്ത ലഡ്ഡു, കുട്ടികൾക്കായുള്ള ഖാക്ര പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവ ഈ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.
പ്രസവത്തിനു ശേഷം തന്റെ മകന് മുലപ്പാൽ നൽകുന്നതിൽ ജ്യോതിക്ക് ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിനാൽ അവൻ കട്ടിഭക്ഷണങ്ങൾ കഴിച്ചു തുടങ്ങുമ്പോൾ യാതൊരു വീഴ്ചയും വരുത്താൻ ജ്യോതി ആഗ്രഹിച്ചിരുന്നില്ല. സ്വന്തം കുഞ്ഞിന് ധൈര്യത്തോടെ നൽകാൻ കഴിയുന്ന, മൈദയോ റിഫൈൻഡ് ഷുഗറോ കൃത്രിമ രുചികളോ ചേർക്കാത്ത നല്ല ഭക്ഷണം വിപണിയിൽ ലഭ്യമല്ലെന്ന് മനസ്സിലാക്കിയതാണ് ഈ സംരംഭത്തിന് തുടക്കമിടാൻ കാരണമായതെന്ന് ജ്യോതി പറയുന്നു. കുഞ്ഞുങ്ങൾക്കായുള്ള മിക്ക ബ്രാൻഡുകളും ‘ആരോഗ്യകരം’ എന്ന് അവകാശപ്പെടുമ്പോഴും അവയുടെ ചേരുവകളിൽ ആരോഗ്യത്തിന് ഹാനികരമായവ അടങ്ങിയിട്ടുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. തുടർന്നാണ് ഉത്തർപ്രദേശിലെ മീററ്റിൽ വെച്ച് സ്വന്തമായി ബിസിനസ്സ് ആരംഭിക്കാൻ ഈ രണ്ടു കുട്ടികളുടെ അമ്മ തീരുമാനിച്ചത്.
എന്നാൽ ഈ യാത്ര എളുപ്പമായിരുന്നില്ല. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും പോഷകാഹാരങ്ങളെക്കുറിച്ചും കൂടുതൽ അറിയാനായി യുണിസെഫിന്റെ (UNICEF) ‘ഇൻഫന്റ് ആൻഡ് യങ് ചൈൽഡ് ഫീഡിങ്’ സർട്ടിഫിക്കേഷൻ ജ്യോതി പൂർത്തിയാക്കി. കൂടാതെ കുട്ടികളുടെ വളർച്ചയിൽ വിവിധ സസ്യങ്ങളുടെയും മൂലികകളുടെയും പങ്കിനെക്കുറിച്ച് മനസ്സിലാക്കാൻ ആയുർവേദ ഗ്രന്ഥങ്ങളും പഠിച്ചു. പ്രസവ അവധിക്ക് ശേഷം ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നതിലും സ്വന്തമായി ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിലും ഫണ്ട് കണ്ടെത്തുന്നതിലുമെല്ലാം ജ്യോതിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും, അവയെയെല്ലാം അതിജീവിച്ച് അവർ വിജയം വരിക്കുകയായിരുന്നു.




