Sports

‘ഓസ്‌ട്രേലിയ ഇന്ത്യയെ 385 റണ്‍സിന് തോല്‍പ്പിക്കും; ആദ്യം ബാറ്റ് ചെയ്യുന്ന കങ്കാരുക്കള്‍ രണ്ടിന് 450 എടുക്കും; ഇന്ത്യ 65 ന് പുറത്താകും’

ലോകത്തെ ഏറ്റവും മികച്ച ഏകദിന ടീമിനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വെല്ലുവിളികള്‍ നിറഞ്ഞ ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും ജയിച്ച് കലാശപ്പോരിനിറങ്ങുന്ന ഇന്ത്യയ്ക്ക് എതിരാളികള്‍ പ്രൊഫഷണലിസത്തിന്റെ തമ്പുരാക്കന്മാരായ ഓസ്‌ട്രേലിയയാണ്. ഇന്ത്യ ഏറ്റവും ഫേവറിറ്റുകളായ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയുടെ വിജയം പ്രവചിച്ച് ഓസീസ് താരം മിച്ചല്‍ മാഷ് നടത്തിയ ഒരു പഴയ പ്രവചനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഓടുന്നുണ്ട്.

ഓസ്‌ട്രേലിയ ഇന്ത്യയെ 385 റണ്‍സിന് പരാജയപ്പെടുത്തുമെന്ന് മാര്‍ഷ് പരിഹാസരൂപേണെ നടത്തിയ പ്രവചനമാണ് ശ്രദ്ധേയമാകുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 450-2 എന്ന സ്‌കോര്‍ നേടുകയും പിന്നീട് ഇന്ത്യയെ വെറും 65 റണ്‍സിന് പുറത്താക്കുമെന്നുമായിരുന്നു ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറുടെ പ്രവചനം. 2023ലെ ഐപിഎല്‍ സമയത്താണ് മാര്‍ഷ് ഈ പ്രവചനം നടത്തിയത്. പഴയ ഈ ട്വീറ്റ് കുത്തിപ്പൊക്കി ആരോ വീണ്ടും ഷെയര്‍ ചെയ്തതോടെ ഇന്ത്യയും ഓസീസും കലാശപ്പോരിന് യോഗ്യത നേടിയ സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.

അതേസമയം, 2003ല്‍ ഇന്ത്യയും ഓസീസും തമ്മില്‍ കലാശപ്പോരില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയ 125 റണ്‍സിന് ഇന്ത്യയെ തകര്‍ക്കുകയും ചെയ്തു. റിക്കി പോണ്ടിംഗിന്റെ ബാറ്റിംഗ് മികവില്‍ ഓസ്ട്രേലിയ 50 ഓവറില്‍ 359 റണ്‍സെടുത്തു. ഗ്ലെന്‍ മഗ്രാത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തില്‍ ഓസ്ട്രേലിയ ഇന്ത്യയെ 234 റണ്‍സിന് പുറത്താക്കി കപ്പടിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ആ ലോകകപ്പില്‍ ഫേവറിറ്റുകള്‍ ഓസ്‌ട്രേലിയയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയാണ് ഫേവറിറ്റുകള്‍.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനലില്‍ ഇന്ത്യ തുടര്‍ച്ചയായി പത്തു മത്സരങ്ങളാണ് ജയിച്ചു കയറിയത്. നേരിട്ട എല്ലാ ടീമിനെയും തോല്‍പ്പിക്കുകയും ചെയ്തു. ഓസ്ട്രേലിയയാകട്ടെ, ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റെങ്കിലും പിന്നീടുള്ള എട്ട് മത്സരങ്ങളില്‍ വിജയിച്ച് തിരിച്ചുവരവ് നടത്തി.ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ഓള്‍റൗണ്ട് പ്രകടനമാണ് കാണുന്നത്.

711 റണ്‍സ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. രോഹിത് ശര്‍മ്മ ടീമിന് മികച്ച തുടക്കം നല്‍കുന്നു. മധ്യനിരയില്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും യഥാക്രമം 526, 386 റണ്‍സ് സ്‌കോര്‍ ചെയ്തു. മുഹമ്മദ് ഷമി 23 വിക്കറ്റ് വീഴ്ത്തി, ജസ്പ്രീത് ബുംറ 18 വിക്കറ്റുമായി എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യഥാക്രമം 15, 16 വിക്കറ്റുകളുമായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും പേസര്‍മാര്‍ക്ക് മികച്ച പിന്തുണ നല്‍കി. നവംബര്‍ 16 ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ടൈറ്റില്‍ പോരാട്ടം.