തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നാല് വിക്കറ്റിന് കീഴടക്കി തൃശ്ശൂർ ടൈറ്റൻസിന് കന്നി കിരീടം. കാലിക്കറ്റ് മുന്നോട്ടുവെച്ച 168 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ തൃശ്ശൂർ മറികടക്കുകയായിരുന്നു. 49 പന്തിൽ നിന്ന് 69 റൺസ് അടിച്ചുകൂട്ടിയ അഹമ്മദ് ഇമ്രാനാണ് തൃശ്ശൂരിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശ്ശൂരിന് എട്ട് റൺസെടുത്ത ഓപ്പണർ വിഷ്ണു രാജിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനും രോഹിത് കെ.ആറും ചേർന്ന് മൂന്നോവറിൽ ടീമിനെ 35 റൺസിലെത്തിച്ചു. നാലാം ഓവറിൽ 18 റൺസെടുത്ത രോഹിത് പുറത്തായെങ്കിലും പിന്നാലെയെത്തിയ സഞ്ജീവ് സതീശനെ കൂട്ടുപിടിച്ച് ഇമ്രാൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. പത്തോവറിൽ 85 റൺസ് നേടിയ ഇരുവരും മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി 15 ഓവറിൽ സ്കോർ 126-ൽ എത്തിച്ചു.
എന്നാൽ 16-ാം ഓവറിൽ 69 റൺസെടുത്ത ഇമ്രാനെയും 29 റൺസെടുത്ത സഞ്ജീവിനെയും പുറത്താക്കി ജോസ് പെരയിൽ കാലിക്കറ്റിന് വഴിത്തിരിവ് സമ്മാനിച്ചു. ഇതോടെ തൃശ്ശൂർ സമ്മർദ്ദത്തിലായെങ്കിലും എം.എസ്. അഖിലും നിഖിൽ തോട്ടത്തും ചേർന്ന് ടീമിനെ തിരിച്ചുകൊണ്ടുവന്നു. അവസാന മൂന്ന് ഓവറിൽ ജയിക്കാൻ 24 റൺസ് വേണമെന്നിരിക്കെ നിഖിൽ (14) പുറത്തായി. മുഹമ്മദ് ഇനാനും അഖിലും ചേർന്ന് അടിച്ചുതകർത്തതോടെ അവസാന ഓവറിലെ ലക്ഷ്യം നാല് റൺസായി കുറഞ്ഞു. ആദ്യ പന്തിൽ ഇനാൻ (8) പുറത്തായെങ്കിലും മൂന്നാം പന്തിൽ ബൗണ്ടറി പയിച്ച് അഖിൽ തൃശ്ശൂരിന് വിജയം സമ്മാനിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 167 റൺസ് നേടിയത്. വരുൺ നായനാർ (2), രോഹൻ കുന്നുമ്മൽ (21) എന്നിവർ വേഗത്തിൽ പുറത്തായതോടെ കാലിക്കറ്റ് 32 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിട്ടു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഖിൽ സ്കറിയയും അശ്വിൻ ആനന്ദും അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റി. 14-ാം ഓവറിൽ സ്കോർ 100 കടന്നെങ്കിലും 45 റൺസെടുത്ത അഖിൽ സ്കറിയയും 40 റൺസെടുത്ത അശ്വിൻ ആനന്ദും അടുത്തടുത്ത പന്തുകളിൽ പുറത്തായത് കാലിക്കറ്റിന് തിരിച്ചടിയായി.
പിന്നീടെത്തിയ അബ്ദുൾ ബാസിത്ത് (14), ദേവൻ (7) എന്നിവർക്ക് തിളങ്ങാനായില്ലെങ്കിലും സൽമാൻ നിസാറിന്റെ (16) പ്രകടനം ടീമിനെ 150 കടത്താൻ സഹായിച്ചു. ഒടുവിൽ 20 ഓവറിൽ കാലിക്കറ്റിന്റെ ഇന്നിങ്സ് 167-ൽ അവസാനിച്ചു. തൃശ്ശൂരിന് വേണ്ടി അബ്ദുൾ റമീസ് മൂന്ന് വിക്കറ്റും ശരത് ചന്ദ്ര പ്രസാദ്, ആനന്ദ് ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.




