മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണും കൗമാര താരം വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഓപ്പണർമാരാകണമെന്ന് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത. സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന സഞ്ജു, അഫ്ഗാനെതിരായ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിൽ അഭിഷേക് ശർമ– സഞ്ജു, അഭിഷേക്– വൈഭവ് സൂര്യവംശി സഖ്യങ്ങളെയാണ് ഇന്ത്യ ഓപ്പണിങ്ങിൽ പരീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തവണ പുതിയൊരു കോംബിനേഷൻ പരീക്ഷിക്കണമെന്നാണ് ദീപ്ദാസ് ഗുപ്തയുടെ നിർദേശം.
‘‘അഫ്ഗാനിസ്ഥാനെതിരായ ടീമിൽ സഞ്ജു, അഭിഷേക്, വൈഭവ് എന്നീ മൂന്ന് താരങ്ങളുമുണ്ട്. സഞ്ജു സാംസൺ– വൈഭവ് സൂര്യവംശി സഖ്യം ഇതുവരെ ഓപ്പണിങ്ങിൽ ഒന്നിച്ചിറങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ അതിനൊരു അവസരം നൽകുന്നതിൽ തെറ്റില്ല. ഇരുവരും ഒന്നിച്ചാൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയാം’’– ദീപ്ദാസ് ഗുപ്ത തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. സാധ്യതയുള്ള എല്ലാ സഖ്യങ്ങളെയും ഇന്ത്യ മാറിമാറി പരീക്ഷിക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ഞാൻ പറയുന്നത് ആരും തെറ്റായി കരുതേണ്ടതില്ല. ഒരു താരത്തെയും ടീമിൽനിന്ന് മാറ്റിനിർത്താൻ ഞാൻ പറയുന്നില്ല. മറിച്ച് പരീക്ഷണങ്ങൾ നടത്തണമെന്നാണ് നിർദേശിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പിന് മുൻപ് ടീമിലെ എല്ലാ താരങ്ങൾക്കും ആവശ്യത്തിന് കളിക്കാൻ അവസരം ലഭിക്കേണ്ടതുണ്ട്’’– ദീപ്ദാസ് കൂട്ടിച്ചേർത്തു. സിംബാബ്വെയ്ക്കെതിരായ പരമ്പരയിലെ മൂന്ന് കളികളിൽനിന്ന് 151 റൺസോടെ വൈഭവ് ടോപ് സ്കോററായിരുന്നു. എന്നാൽ സിംബാബ്വെയ്ക്കെതിരെ 1, 8, 2 എന്നിങ്ങനെ നിരാശാജനകമായ സ്കോറുകളാണ് അഭിഷേക് ശർമയ്ക്ക് നേടാനായത്.




