മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള പ്രശസ്തമായ രാംഘട്ട് സന്ദർശിച്ച നൈറ റോയ് എന്ന യുവതിക്ക്, ‘പണ്ഡിറ്റ്’ ആണെന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച ഒരാളിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നതായി റിപ്പോർട്ട്. സംഭവം വിവരിച്ചുകൊണ്ട് യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും, തീർത്ഥാടന കേന്ദ്രങ്ങളിലെയും വിനോദസഞ്ചാര മേഖലകളിലെയും സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
രാംഘട്ടിൽ ശാന്തമായി സമയം ചെലവഴിക്കുകയായിരുന്ന താൻ, അടുത്തുവന്ന ഒരു തെരുവുനായയെ ഓമനിക്കുകയായിരുന്നുവെന്ന് നൈറ റോയ് പറയുന്നു. ആ സമയത്താണ് ഒരാൾ അടുത്തെത്തി തന്റെ മുറിയിലേക്ക് വരുമോ എന്നും താൻ ഭക്ഷണം പാകം ചെയ്തു തരാമെന്നും ചോദിച്ചതായി യുവതി ആരോപിക്കുന്നു. ഈ അപ്രതീക്ഷിത പെരുമാറ്റത്തിൽ അമ്പരന്ന നൈറ അയാളെ ചോദ്യം ചെയ്തതോടെ അയാൾ അവിടെനിന്ന് കടന്നുകളയുകയായിരുന്നു.
‘romaneinnc_’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പുറത്തുവന്ന ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഭയന്നുപോകാതെ ധൈര്യത്തോടെയും പക്വതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്ത യുവതിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. തിലകവും മാലയും ധരിച്ചതുകൊണ്ടുമാത്രം ആരും പണ്ഡിറ്റാകുന്നില്ലെന്നും, കുറ്റവാളികൾ ഏതു വേഷത്തിലും എവിടെയും ഉണ്ടാകാമെന്നും അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
അതേസമയം, വീഡിയോയിലെ ആരോപണങ്ങൾ യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിവരങ്ങൾ മാത്രമാണെന്നും, സംഭവത്തിന്റെ സത്യാവസ്ഥ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, പൊതുസ്ഥലങ്ങളിൽ അപരിചിതരിൽ നിന്ന് നേരിടുന്ന ഇത്തരം അനുഭവങ്ങളും അതിനെ പ്രതിരോധിക്കേണ്ട രീതിയും വീണ്ടും ചർച്ചയായിരിക്കുകയാണ്.




