പരാജയപ്പെട്ട ഒരു ഭക്ഷണ ബിസിനസിനെ വെറും 10 മാസം കൊണ്ട് രണ്ടു കോടി രൂപ വിറ്റുവരവുള്ള സംരംഭമാക്കി മാറ്റി ബെംഗളൂരു സ്വദേശികളായ കുശാൽ റെഡ്ഡിയും ചാഹക് ജെയിനും. ബിസിനസ് രീതികളിൽ മാറ്റം വരുത്തുകയും ആദ്യ ബർഗർ വിൽക്കുന്നതിന് മുൻപ് തന്നെ ഇൻസ്റ്റാഗ്രാം വഴി ഉപഭോക്താക്കളെ നേടുകയുമാണ് ഇവർ ചെയ്തത്.
നാല് ലക്ഷം രൂപ നിക്ഷേപത്തിൽ ബെംഗളൂരുവിൽ ഒരു ക്ലൗഡ് കിച്ചൺ ആരംഭിച്ചുകൊണ്ടായിരുന്നു ഇവരുടെ തുടക്കം. എന്നാൽ വിചാരിച്ചത്ര ഓർഡറുകൾ ലഭിക്കാതിരുന്നതും, ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ഉയർന്ന കമ്മീഷനും പരസ്യച്ചെലവുകളും കാരണം ബിസിനസ് പൂട്ടിപ്പൂട്ടേണ്ടി വന്നു. എന്നാൽ നിരാശരാകാതെ ‘ക്രീഡ്’ (Kried) എന്ന പേരിൽ ജെ.പി നഗറിൽ ഒരു ഫുഡ് ട്രക്ക് ആരംഭിക്കാൻ ഇവർ തീരുമാനിച്ചു.
ഇത്തവണ ബിസിനസ്സ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മാർക്കറ്റിംഗിൽ ഇവർ ശ്രദ്ധ പതിപ്പിച്ചു. ഫുഡ് ട്രക്ക് നിർമ്മിക്കുന്നതിന്റെ ഘട്ടങ്ങൾ ചാഹക് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാൻ തുടങ്ങി. ആദ്യ ബർഗർ വിൽക്കുന്നതിന് മുൻപ് തന്നെ അയ്യായിരത്തിലധികം ഫോളോവേഴ്സിനെ ഇൻസ്റ്റാഗ്രാമിൽ നേടാൻ ക്രീഡിന് സാധിച്ചു. സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത ആദ്യ ദിവസം തന്നെ നൂറിലധികം ആളുകളാണ് ഇവർക്ക് മുന്നിലെത്തിയത്. ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ മുപ്പതിനായിരം രൂപയുടെ വിൽപന നടന്നു.
നിലവിൽ പ്രതിദിനം 350 മുതൽ 450 വരെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഇവർക്ക് ദിവസം ഒരു ലക്ഷം രൂപയോളം വിൽപന ലഭിക്കുന്നുണ്ട്. ഫ്രൈഡ് ചിക്കൻ, പനീർ ബർഗറുകൾ, ചിക്കൻ പോപ്പ്കോൺ എന്നിവയാണ് ഇവരുടെ പ്രധാന വിഭവങ്ങൾ. പരാജയപ്പെട്ട ക്ലൗഡ് കിച്ചണിൽ നിന്ന് 10 മാസം കൊണ്ട് രണ്ടു കോടി വിറ്റുവരവിലേക്ക് ഉയർന്ന ഇവരുടെ വിജയഗാഥ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ഡെലിവറി പ്ലാറ്റ്ഫോമുകളെ മാത്രം ആശ്രയിക്കാതെ സോഷ്യൽ മീഡിയ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയതാണ് ഇവരുടെ വിജയത്തിന് പിന്നിൽ. ഇനി കൂടുതൽ വലിയ റെസ്റ്റോറന്റ് ഔട്ട്ലെറ്റുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ചെറുപ്പക്കാർ.




