Crime

രണ്ട് കത്തികളുമായി ടൈംസ് സ്ക്വയറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ പോലീസ് വെടിവെച്ചുകൊന്നു- വീഡിയോ

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ തിങ്കളാഴ്ച രണ്ട് കത്തികളുമായി എത്തിയ യുവതി രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം പൊലീസുകാർക്ക് നേരെ പാഞ്ഞടുത്ത യുവതിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. പരിക്കേറ്റ രണ്ടാമത്തെയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് കത്തികളുമായി എത്തിയ യുവതിയെ വനിതാ ഓഫീസർ അടക്കം അഞ്ചോ ആറോ പൊലീസുകാർ വളയുന്നത് വീഡിയോയിൽ കാണാം. പൊലീസുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് യുവതി കത്തികളുമായി ഒരു ഓഫീസർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ സ്വയംരക്ഷാർത്ഥം ഉദ്യോഗസ്ഥൻ യുവതിക്ക് നേരെ വെടിയുതിർത്തു. മൂന്ന് തവണ വെടിയൊച്ച കേട്ടതിന് പിന്നാലെ യുവതി റോഡിലേക്ക് വീഴുന്നതും കാണാം.

വലിയൊരു ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞതിൽ ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മമദാനി പോലീസിനെ നന്ദി അറിയിച്ചു. ആക്രമണം നടത്തിയ യുവതിയും ഇരയായ ഒരാളും മരിച്ചതായും രണ്ടാമത്തെയാൾ ആശുപത്രിയിൽ സുരക്ഷിതനാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവതിയെ കീഴ്പ്പെടുത്താൻ പൊലീസ് ആദ്യം ടേസർ (Taser) തോക്കുകൾ ഉപയോഗിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.