Featured Sports

10-ാംവയസ്സില്‍ ​രോഗി, ഉയരം 4 അടി 9 ഇഞ്ച്, നാപ്കിന്‍പേപ്പറില്‍ എഴുതിയ കരാർ, ഊമയാണോ ഇവന്‍?; മെസിയുടെ ആരും പറയാത്ത 5 ആദ്യകാല കഥകൾ!

ലയണൽ മെസിയുടെ ഗോളുകളും ട്രോഫികളും വ്യക്തിഗത റെക്കോർഡുകളും ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍, മെസിയുടെ കളിക്കളത്തിലെ നേട്ടങ്ങൾ ലോകം അക്കങ്ങളിൽ അളന്നുതുടങ്ങുന്നതിന് എത്രയോ മുമ്പുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ചില അധ്യായങ്ങൾ എഴുതപ്പെട്ടു കഴിഞ്ഞിരുന്നു.

നാലു വയസ്സുകാരനായ മെസിയെ ഫുട്ബോളിലേക്ക് കൈപിടിച്ചുയർത്തിയ അമ്മൂമ്മ, കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ മെസിയുടെ രോഗം, ഒരു പേപ്പർ നാപ്കിനിൽ എഴുതിയ കരാർ, സ്വന്തം നാട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെ ജീവിക്കേണ്ടിവന്ന കടുത്ത ലജ്ജാശീലനായ ഒരു കൗമാരക്കാരൻ, സഹതാരങ്ങളായ ഭാവി സൂപ്പർ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് ചേക്കേറിയപ്പോഴും ബാഴ്‌സലോണയിൽ തന്നെ തുടരാൻ തീരുമാനിച്ച നിമിഷം — അങ്ങനെ എന്തെല്ലാം സംഭവങ്ങളാണ് ആ ഇതിഹാസ ജീവിതത്തിന്റെ വജ്രശോഭയുള്ള അധ്യായങ്ങളിൽ ഉൾപ്പെടുന്നത്.

ലയണൽ മെസിയുടെ ആദ്യകാല ജീവിതത്തെപ്പറ്റിയും ബാഴ്‌സലോണയിലെ വളർച്ചയെപ്പറ്റിയും അധികമാർക്കും അറിയാത്ത 5 കഥകൾ ഇതാ:

  1. മെസിയെ ആദ്യമായി ഫുട്ബോളിലേക്ക് നയിച്ചത് അമ്മൂമ്മ

ബാഴ്‌സലോണക്കും ന്യൂവെൽസ് ഓൾഡ് ബോയ്സിനും മുൻപ്, പത്താം നമ്പർ ജേഴ്‌സി മെസിയുടെ പേരിനൊപ്പം ചേർക്കപ്പെടുന്നതിനും എത്രയോ മുൻപ് തന്നെ ‘ഗ്രാൻഡോളി’ എന്നൊരു ക്ലബ് ഉണ്ടായിരുന്നു. തന്റെ മൂത്ത സഹോദരന്മാർക്കും കസിൻസായ മക്സിമിലിയാനോ, ഇമ്മാനുവൽ ബിയാങ്കുച്ചി എന്നിവർക്കുമൊപ്പമാണ് മെസി കളിച്ചു വളർന്നത്. എന്നാൽ മെസിയുടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കത്തിൽ ഏറ്റവും നിർണ്ണായക പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ അമ്മൂമ്മ സെലിയ ആയിരുന്നു. മെസിക്ക് നാല് വയസ്സുള്ളപ്പോൾ, സെലിയയാണ് അദ്ദേഹത്തെ ഗ്രാൻഡോളി ഫുട്ബോൾ ക്ലബ്ബിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് മെസിയുടെ പിതാവ് തന്നെ അദ്ദേഹത്തെ പരിശീലിപ്പിച്ചു.

രണ്ടു വർഷത്തിനുശേഷം മെസി റൊസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ ചേർന്നു. അവിടെ അദ്ദേഹത്തിന്റെ വളർച്ച അതിവേഗമായിരുന്നു. ആറിനും പത്തിനും ഇടയിലുള്ള പ്രായത്തിൽ, “ദി മെഷീൻ ഓഫ് 87” എന്ന് വിളിക്കപ്പെട്ടിരുന്ന ന്യൂവെൽസിന്റെ യൂത്ത് ടീമിന്റെ ഭാഗമായിരുന്നു മെസി. ഈ കാലയളവിൽ അദ്ദേഹം 500 ഓളം ഗോളുകൾ നേടിയതായി കണക്കാക്കപ്പെടുന്നു.

മെസിയുടെ വളർച്ചയിൽ ബാഴ്‌സലോണ വഹിച്ച പങ്കിന് പിന്നീട് വലിയ പ്രാധാന്യം ലഭിച്ചെങ്കിലും, അദ്ദേഹത്തിന്റെ ഫുട്ബോൾ അടിത്തറ റൊസാരിയോയിൽ വെച്ച് തന്നെ രൂപപ്പെട്ടിരുന്നു. അത് തുടങ്ങിയതാകട്ടെ, കൊച്ചുമകനെ പ്രദേശിക ക്ലബ്ബിലേക്ക് കൂട്ടിക്കൊണ്ടുപോയ ആ അമ്മൂമ്മയിലൂടെയുമായിരുന്നു.

  1. ഫുട്ബോൾ സ്വപ്നങ്ങൾക്ക് തടസ്സമായി മെസിയുടെ പത്താം വയസ്സിൽ കുടുംബത്തിന് താങ്ങാനാകാത്ത ചികിത്സാച്ചെലവ്

പത്താം വയസ്സിൽ മെസിയുടെ കുട്ടിക്കാലം നാടകീയമായി മാറി. പ്രായത്തിനനുസരിച്ചുള്ള ശാരീരിക വളർച്ചയില്ലെന്ന് കണ്ടതിനെത്തുടർന്ന് അദ്ദേഹത്തിന് ‘ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി’ (വളർച്ചാ ഹോർമോണിന്റെ കുറവ്) സ്ഥിരീകരിച്ചു. പ്രതിമാസം 1,500 ഡോളറോളം ചെലവുവരുന്ന ഹോർമോൺ തെറാപ്പി ക്രമമായി നൽകേണ്ടതുണ്ടായിരുന്നു.

ഇത് വലിയൊരു പ്രതിസന്ധിയുണ്ടാക്കി. അദ്ദേഹത്തിന്റെ പിതാവിന്റെ ഹെൽത്ത് ഇൻഷുറൻസിന് രണ്ട് വർഷത്തെ മരുന്നുകളുടെ ചെലവ് മാത്രമേ വഹിക്കാൻ കഴിയുമായിരുന്നുള്ളൂ. തുടക്കത്തിൽ ന്യൂവെൽസ് ഓൾഡ് ബോയ്സ് ചികിത്സയ്ക്ക് സഹായിച്ചെങ്കിലും, ചെലവ് വർദ്ധിച്ചതോടെ തുടർന്ന് പിന്തുണയ്ക്കാൻ ക്ലബ്ബിന് സാധിക്കാതെ വന്നു.

റിവർ പ്ലേറ്റ് ക്ലബ്ബും മെസിയിൽ താല്പര്യം കാണിച്ചിരുന്നുവെങ്കിലും അവിടുത്തെ സാമ്പത്തിക സ്ഥിതി കാരണം ആ ചെലവ് ഏറ്റെടുക്കാൻ അവർക്കും കഴിഞ്ഞില്ല. അങ്ങനെ ചെറുപ്രായത്തിൽ തന്നെ മെസി അപ്രതീക്ഷിതമായ ഒരു വഴിത്തിരിവില്‍ എത്തിപ്പെട്ടു.

അദ്ദേഹത്തിന് കളിക്കാൻ കഴിയുമോ എന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ ഫുട്ബോൾ കരിയർ തുടരുന്നതിനോടൊപ്പം ആവശ്യമായ വൈദ്യചികിത്സ ഉറപ്പാക്കാൻ അദ്ദേഹത്തിന് ചുറ്റുമുള്ളവർക്ക് വഴി കണ്ടെത്താൻ കഴിയുമോ എന്നതായിരുന്നു ചോദ്യം. ആ ചോദ്യമാണ് ഒടുവിൽ മെസി കുടുംബത്തെ ബാഴ്‌സലോണയിലേക്ക് എത്തിച്ചത്.

  1. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരാർ എഴുതിയത് നാപ്കിന്‍ പേപ്പറില്‍

കാറ്റലോണിയയിൽ ബന്ധുക്കളുണ്ടായിരുന്നത് മെസിയുടെ കുടുംബത്തിന് ബാഴ്‌സലോണയിൽ ഒരു അവസരം ലഭിക്കാൻ സഹായിച്ചു. അന്ന് മെസിക്ക് 13 വയസ്സ് മാത്രമായിരുന്നു പ്രായം.

ബാഴ്‌സലോണ ഭാരവാഹിയായ ചാർലി റെക്സാച്ച് ആ കൊച്ചു അർജന്റീനക്കാരന്റെ പ്രതിഭയെക്കുറിച്ച് നേരത്തെ തന്നെ കേട്ടിരുന്നു. മെസി പിതാവിനോടൊപ്പം സ്‌പെയിനിലേക്ക് യാത്ര തിരിക്കുകയും ട്രയൽസിൽ പങ്കെടുക്കുകയും ചെയ്തു. മെസിക്ക് അനുയോജ്യമായ കഴിവുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാമെന്ന് ബാഴ്‌സലോണ സമ്മതിച്ചു.

തുടർന്നാണ് മെസിയുടെ കരിയറിലെ ഏറ്റവും അപൂർവ്വമായ ആ സംഭവം നടക്കുന്നത്. മെസിയുടെ പ്രകടനത്തിൽ വളരെയധികം സംതൃപ്തനായ റെക്സാച്ച്, ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഒരു പേപ്പർ നാപ്കിനിൽ എഴുതിയുണ്ടാക്കി.

വലിയ പത്രസമ്മേളനങ്ങളോ ആഘോഷങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഈ കൗമാരക്കാരൻ പിന്നീട് ക്ലബ്ബിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന കളിക്കാരനായി മാറുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല. ഒരു ഹോട്ടൽ മേശപ്പുറത്ത് കാണുന്ന സാധാരണ പേപ്പർ നാപ്കിനിൽ എഴുതിയ കരാർ, ഒരു യുവ ഫുട്ബോളർ, അദ്ദേഹത്തിന്റെ പിതാവ്, ബാഴ്‌സലോണയുടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥൻ — അത്രമാത്രമായിരുന്നു അത്.

2001 ഫെബ്രുവരിയിൽ കുടുംബത്തോടൊപ്പം സ്‌പെയിനിലേക്ക് താമസം മാറിയ മെസി അറ്റ്ലാന്റിക് സമുദ്രം കടന്നു ബാഴ്‌സലോണയിലെത്തി. കാംപ് നൗവിന് സമീപം അവർ താമസമാക്കി, അങ്ങനെ മെസിയുടെ ബാഴ്‌സലോണ ജീവിതം ആരംഭിച്ചു. 13-ാം വയസ്സിൽ അദ്ദേഹത്തിന്റെ ഉയരം 4 അടി 9 ഇഞ്ച് മാത്രമായിരുന്നു. മെസിയുടെ ശാരീരിക അളവുകളിലല്ല, മറിച്ച് പന്ത് കാലിൽ കിട്ടുമ്പോൾ അദ്ദേഹം കാണിക്കുന്ന മാജിക്കിലാണ് ബാഴ്‌സലോണ വിശ്വാസമർപ്പിച്ചത്.

  1. ബാഴ്‌സലോണയിൽ മെസി വളരെ ശാന്തനായിരുന്നു; സംസാരശേഷിയില്ലാത്തയാളാണെന്ന് കരുതി സഹതാരങ്ങൾ

ബാഴ്‌സലോണയിലേക്ക് മാറിയതുകൊണ്ട് മാത്രം മെസിയുടെ ജീവിതം പെട്ടെന്ന് ഒരു ഫുട്ബോൾ സിനിമാക്കഥ പോലെ ആയി മാറിയില്ല. അപരിചിതമായ അന്തരീക്ഷത്തിൽ, കുടുംബത്തിൽ ഭൂരിഭാഗം പേരിൽ നിന്നും അകന്ന് മറ്റൊരു രാജ്യത്ത് കഴിയുന്ന ഒരു കൗമാരക്കാരനായിരുന്നു അദ്ദേഹം.

മെസിയുടെ അമ്മയും സഹോദരങ്ങളും പിന്നീട് അർജന്റീനയിലേക്ക് മടങ്ങി. എന്നാൽ മെസിക്ക് ഫുട്ബോൾ കരിയർ തുടരാൻ വേണ്ടി പിതാവ് അദ്ദേഹത്തോടൊപ്പം സ്‌പെയിനിൽ തന്നെ തങ്ങി. കുടുംബത്തിൽ നിന്നുള്ള ഈ അകൽച്ച യുവതാരത്തെ കടുത്ത വീട്ടുചിന്തകളിലേക്ക് (homesickness) തള്ളിവിട്ടു.

അതിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിത്വവും ഒരു ഘടകമായിരുന്നു. പുതിയ സഹതാരങ്ങൾക്ക് മുന്നിൽ മെസി അത്രയധികം ലജ്ജാലുവും ശാന്തനുമായിരുന്നു. തുടക്കത്തിൽ അദ്ദേഹം അവരോട് സംസാരിക്കുന്നത് അപൂർവ്വമായിരുന്നു. അതിനാൽ മെസിക്ക് സംസാരിക്കാൻ അറിയില്ലെന്ന് (സംസാരശേഷിയില്ലാത്തയാളാണെന്ന്) വരെ ചില സഹതാരങ്ങൾ കരുതിയിരുന്നു. മറ്റുള്ളവരുമായി സംസാരിക്കാൻ ബുദ്ധിമുട്ടിയ ആ നാളുകളിലും, അദ്ദേഹത്തിന്റെ കഠിനമായ ദിനചര്യകൾ സ്വകാര്യമായി തുടരുന്നുണ്ടായിരുന്നു.

പകൽ സമയങ്ങളിൽ മെസി പരിശീലനം നടത്തി. രാത്രികളിൽ ഹോർമോൺ കുത്തിവെപ്പുകൾ എടുത്തു. ബാഴ്‌സലോണയിലെ അദ്ദേഹത്തിന്റെ തുടക്കകാലത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രമാണിത്. പിന്നീട് ലക്ഷക്കണക്കിന് കാണികൾക്ക് മുന്നിൽ പന്തട്ടിയ ആ താരം, ക്ലബ്ബിലെ തന്റെ ജീവിതം ആരംഭിച്ചത് സഹതാരങ്ങളോട് സംസാരിക്കാൻ പോലും മടിച്ച, രാത്രികളിൽ ചികിത്സ തുടർന്നിരുന്ന, വീടോർത്തുക കരഞ്ഞിരുന്ന ഒരു സാധാരണ കൗമാരക്കാരനായിട്ടായിരുന്നു.

  1. ഫാബ്രെഗാസും പിക്വേയും ഇംഗ്ലണ്ടിലേക്ക് പോയപ്പോഴും മെസി ബാഴ്‌സലോണയിൽ തന്നെ തുടരാൻ തീരുമാനിച്ചു

2002-03 സീസണോടെ ബാഴ്‌സലോണ അക്കാദമിയിൽ മെസിയെ ആർക്കും അവഗണിക്കാൻ കഴിയാത്ത അവസ്ഥയായി. പിന്നീട് ഫുട്ബോളിലെ പ്രശസ്തരായ മറ്റ് രണ്ട് യുവതാരങ്ങളുമായി അദ്ദേഹം സൗഹൃദത്തിലായി: സെസ്ക് ഫാബ്രെഗാസും ജെറാർഡ് പിക്വേയും.

ബാഴ്‌സലോണ യൂത്ത് ടീമിലെ “ബേബി ഡ്രീം ടീം” എന്ന് വിളിക്കപ്പെട്ടിരുന്ന സംഘത്തിന്റെ ഭാഗമായിരുന്നു മെസി. ആ സീസണിൽ 30 മത്സരങ്ങളിൽ നിന്ന് 36 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.

തുടർന്ന് ഇംഗ്ലീഷ് ഫുട്ബോളിൽ നിന്ന് ക്ഷണമെത്തി. ആ സീസണിന്റെ അവസാനത്തിൽ മെസിക്ക് ആഴ്‌സണലിൽ നിന്ന് ഓഫർ ലഭിച്ചു. ഫാബ്രെഗാസും പിക്വേയും ബാഴ്‌സലോണ വിട്ട് ഇംഗ്ലണ്ടിലേക്ക് ചേക്കേറിയെങ്കിലും മെസി അവരെ പിന്തുടർന്നില്ല. അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അത് തികച്ചും സ്വാഭാവികമായ ഒരു തീരുമാനമായി തോന്നാം. എന്നാൽ അന്ന് കാര്യങ്ങൾ അങ്ങനെയല്ലായിരുന്നു. സ്വന്തം കരിയർ എങ്ങോട്ട് പോകുമെന്ന് ഉറപ്പില്ലാത്ത കൗമാരക്കാരായ കളിക്കാരായിരുന്നു അവർ. ഇംഗ്ലണ്ട് മറ്റൊരു മികച്ച അവസരമായിരുന്നു വാഗ്ദാനം ചെയ്തത്. മെസിയുടെ അടുത്ത സുഹൃത്തുക്കളായ രണ്ടുപേർ ആ വഴി തിരഞ്ഞെടുത്തു. എന്നാൽ മെസി അവിടെത്തന്നെ തുടർന്നു.

രോഗാവസ്ഥയുടെ അനിശ്ചിതത്വങ്ങൾ, സ്വന്തം നാടുവിട്ടുള്ള ജീവിതം, വീടോർത്തുള്ള സങ്കടങ്ങൾ, ഒരു പുതിയ രാജ്യത്ത് വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടി വന്നതിന്റെ സമ്മർദ്ദം — ഇവയെയെല്ലാം അതിജീവിച്ച ബാഴ്‌സലോണ കഥയിലെ ചെറുതെങ്കിലും നിർണ്ണായകമായ മറ്റൊരു വഴിത്തിരിവായി ആ തീരുമാനം മാറി.

പ്രശസ്തിക്ക് മുന്നിലെ മെസിയുടെ ജീവിതം വേറൊന്നായിരുന്നു . ലയണൽ മെസിയുടെ കരിയറിനെ ഇന്നത്തെ നേട്ടങ്ങളിൽ നിന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കാൻ എളുപ്പമാണ്. അദ്ദേഹം നേടിയ ഓരോ നേട്ടവും കാണുമ്പോൾ, ഈ മഹത്വം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് തോന്നിയേക്കാം.
എന്നാൽ അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം അത്ര സുഖകരമായിരുന്നില്ല. സൂപ്പർ താരം എന്ന പദവി പിന്നീട് വന്നതാണ്. അതിനുശേഷമുണ്ടായ എല്ലാ ചരിത്രനേട്ടങ്ങൾക്കും വഴിയൊരുക്കിയത് നിശബ്ദമായ ആ ആദ്യകാല പോരാട്ടങ്ങളായിരുന്നു.