Crime Featured

യു.എസില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു, ഒരാളെ കുത്തി, മറ്റെയാളെ കാറിടിപ്പിച്ച്; കൊന്നത് കൂട്ടുകാരി ?

കോട്ടയം/തൃശൂര്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇവരുടെ വനിതാ സുഹൃത്ത് പോലീസിന്റെ പിടിയിലായി. കോട്ടയം കുറിച്ചി സ്വദേശിയായ ജേക്കബിന്റെ ഭാര്യ ആനി ജേക്കബ് (35), തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്.

ആനിയെ കുത്തിയും അഞ്ജനയെ കാറിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. മൂവരും താമസിച്ചിരുന്ന അതേ ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരിയായ സുഹൃത്ത് അനിലയെ കലിഫോര്‍ണിയ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 28-ന് കലിഫോര്‍ണിയയിലെ മില്‍പിറ്റാസിലാണ് ഈ ഇരട്ടക്കൊലപാതകം നടന്നത്. അഞ്ജനയെ അനില ഫ്‌ളാറ്റില്‍നിന്ന് താഴേക്ക് വിളിച്ചുവരുത്തിയ ശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ഓടിച്ചുപോയ വാഹനം അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് തിരിച്ചറിഞ്ഞു.

മകളെ സ്‌കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുവരാനായി ആനിയെ ഭര്‍ത്താവ് ജേക്കബ് ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഫ്‌ളാറ്റിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് ആനിയെ കുളിമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ടവരും പ്രതിയായ അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഐ.ടി. മേഖലയിൽ ജോലി ചെയ്തിരുന്ന ആനിക്ക് രണ്ടാഴ്ച മുമ്പാണ് പുതിയ ജോലി ലഭിച്ചത്. എന്നാൽ അനിലയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനെത്തുടർന്നുണ്ടായ കടുത്ത വിഷാദരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എട്ടുവര്‍ഷമായി കലിഫോര്‍ണിയയില്‍ സ്ഥിരതാമസക്കാരാണ് ആനി-ജേക്കബ്, അഞ്ജന-വിജീഷ് കുടുംബങ്ങൾ. 28-ന് ഉച്ചയോടെ വിജീഷ് ജോലിക്കുപോയ സമയത്താണ് അഞ്ജന കൊല്ലപ്പെടുന്നത്. ഈ സമയം ഇവരുടെ ആറുവയസ്സുകാരി മകൾ വാമിക മുറിയിലുണ്ടായിരുന്നു. ആനിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷമാണ് അഞ്ജനയെ അനില താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തിയത്.