Oddly News

ചിന്നിചിന്നി മിന്നിത്തെളങ്ങ്‌ന്ന വാരൊളിക്കണ്ണെനക്ക്: അരുണാചലിലെ വിദ്യാർത്ഥികളുടെ ഓണാഘോഷം പങ്കുവെച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു- വീഡിയോ

അരുണാചൽ പ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികൾ സംഗീതവും നൃത്തവും പരമ്പരാഗത രീതികളും കോർത്തിണക്കി കേരളത്തിന്റെ ഉത്സവമായ ഓണം ആഘോഷിച്ചത് ഏവരുടെയും മനസ്സ് നിറച്ചു. മുണ്ടും ഷർട്ടും ധരിച്ച് “അപ്പടി പോട്”, “തക തക” തുടങ്ങിയ ജനപ്രിയ പാട്ടുകൾക്ക് അരുണാചൽ പ്രദേശിലെ കുട്ടികൾ ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് എക്സിലൂടെ പങ്കുവെച്ചത്. “എത്ര മനോഹരമായ അരുണാചൽ ഓണം! അരുണാചൽ പ്രദേശിൽ കേരളം അനുഭവപ്പെടുന്നു” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

മറ്റൊരു പ്രദേശത്തെ സംസ്കാരത്തെയും ഉത്സവത്തെയും നെഞ്ചിലേറ്റിയ കുട്ടികളെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരം സാംസ്കാരിക കൈമാറ്റങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തെയും പ്രദേശ് തമ്മിലുള്ള ബന്ധത്തെയും വ്യക്തമാക്കുന്നുവെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ആളുകൾ എത്തുന്നത് ഇരു വിഭാഗങ്ങളുടെയും ആചാരങ്ങളും സംസ്കാരങ്ങളും പരസ്പരം അറിയാനും ആഘോഷിക്കാനും അവസരമൊരുക്കുന്നു.

അരുണാചലിലെ കുരുന്നുകൾ ഓണം ആഘോഷിക്കുന്നത് കാണുന്നത് ഏറെ സന്തോഷകരമാണെന്നും, ഓണം അതിർത്തിയെല്ലാം കടന്ന് അത്രയും ദൂരേക്ക് എത്തിയത് മനോഹരമാണെന്നും സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ കുറിച്ചു.