Featured Lifestyle

പിരിച്ചുവിട്ടാൽ എന്താ? പാത്രം കഴുകൽ അത്ര മോശമല്ല, മണിക്കൂറിന് 1,049 രൂപ ശമ്പളം; ജോലി നഷ്ടപ്പെട്ട ‘ടെക്കി’യുടെ വേറിട്ട വഴി

കയ്യിലുള്ള ജോലി നഷ്ടപ്പെട്ടാൽ പുതിയൊരെണ്ണം കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ഐടി കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് മാസങ്ങളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയ 29കാരൻ ഒടുവിൽ പാത്രം കഴുകുന്ന പാർട്ട് ടൈം ജോലി ചെയ്യാനും തീരുമാനിച്ചു. പണത്തിന് വേണ്ടിയല്ല, മറിച്ച് താൻ ഒന്നിനും കൊള്ളാത്തവനാണെന്ന തോന്നൽ ഒഴിവാക്കാനും ദിവസവും ഒരു കൃത്യത തിരികെ കൊണ്ടുവരാനുമാണ് മണിക്കൂറിന് 11 ഡോളർ (ഏകദേശം 1,049 രൂപ) പ്രതിഫലമുള്ള ഈ ജോലി സ്വീകരിച്ചതെന്ന് യുവാവ് പറയുന്നു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ഏപ്രിലിലാണ് നല്ലൊരു പിരിച്ചുവിടൽ പാക്കേജോടെ കമ്പനി തന്നെ ഒഴിവാക്കിയതെന്ന് യുവാവ് വ്യക്തമാക്കുന്നു. തുടർന്ന് ഇരുനൂറിലധികം അപേക്ഷകൾ അയക്കുകയും പതിനഞ്ചോളം അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തെങ്കിലും ഒരിടത്തു നിന്നും അനുകൂലമായ മറുപടി വന്നില്ല. ഇതോടെ മാനസികസമ്മർദ്ദം ഏറുകയും സമൂഹത്തിന് താൻ വേണ്ടാത്തവനായെന്ന തോന്നൽ ശക്തിപ്പെടുകയും ചെയ്തപ്പോഴാണ് വേറിട്ട വഴിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്ന് അദ്ദേഹം കുറിച്ചു.

നാല് മാസത്തോളം ജോലിയില്ലാതെ വീട്ടിലിരുന്നിട്ടും അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ലെന്ന് കണ്ടപ്പോഴാണ് പാർട്ട് ടൈം ആയി പാത്രം കഴുകൽ ജോലി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് യുവാവ് കുറിക്കുന്നു. തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, സാമ്പത്തിക കാര്യങ്ങൾക്കപ്പുറം ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന തോന്നലുണ്ടാകാനാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പുതിയ അനുഭവം തന്നെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുമെന്നും അസ്വസ്ഥമായ മനസ്സിന് ശാന്തത നൽകുമെന്നുമാണ് യുവാവിന്റെ പ്രതീക്ഷ. പോസ്റ്റിന് താഴെ നിരവധിയാളുകൾ പിന്തുണയുമായി എത്തിയിട്ടുണ്ട്. ജോലിയില്ലാത്ത അവസ്ഥ ഉണ്ടാക്കുന്ന മാനസിക പ്രയാസങ്ങൾ കടുപ്പമുള്ളതാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയ പലരും സ്വന്തം കഥകൾ പങ്കുവെച്ചു. ഇത്തരം ജോലികൾ ചെയ്യുന്നതിൽ നാണിക്കേണ്ടതില്ലെന്നും, കോർപറേറ്റ് ജോലി നഷ്ടപ്പെട്ട ശേഷം താൻ ഇപ്പോൾ വീടുകളിലെ കള പറിക്കുന്ന ജോലി ചെയ്യുകയാണെന്നും ഒരാൾ വ്യക്തമാക്കി. മുൻപ് ഉയർന്ന ശമ്പളമുണ്ടായിരുന്നിട്ടും പിരിച്ചുവിടപ്പെട്ടപ്പോൾ സൗജന്യ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും, ചെറിയ ജോലികൾ ചെയ്താണ് പിടിച്ചുനിന്നതെന്നും മറ്റൊരാളും പങ്കുവെച്ചു.