ന്യൂഡൽഹി: പാകിസ്താൻ ചാരസംഘവുമായി ബന്ധം പുലർത്തിയിരുന്ന ദമ്പതികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ താമസിക്കുന്ന മുഹമ്മദ് സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരാണ് പിടിയിലായത്.
ഇവരുടെ രണ്ട് മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് പാകിസ്താൻ സ്വദേശികളുമായി ഇവർ നടത്തിയ സന്ദേശങ്ങൾ പോലീസ് കണ്ടെത്തി. ഇന്ത്യയിലെ സിം കാർഡുകൾ ശേഖരിച്ച് ദുബായ് വഴി പാകിസ്താനിലേക്ക് കടത്തുകയായിരുന്നു ഇവരുടെ പ്രധാന രീതി എന്ന് അന്വേഷണസംഘം വ്യക്തമാക്കി.
പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഈ സിം കാർഡുകൾ ഉപയോഗിച്ച് വാട്സാപിൽ നുഴഞ്ഞു കയറി ഇന്ത്യയിൽ നിന്ന് സുപ്രധാന വിവരങ്ങൾ ചോർത്തിയതായാണ് വിലയിരുത്തൽ. കൂടാതെ ചാരപ്രവർത്തനങ്ങൾക്കായി ആളുകളെ സംഘടിപ്പിക്കുക, സൈനിക കേന്ദ്രങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ചുമതലകളും ഇവർക്കുണ്ടായിരുന്നു. 2024, 2025 കാലയളവിലായി എട്ട് ഇന്ത്യൻ സിം കാർഡുകളാണ് ഇവർ പാകിസ്താനിലേക്ക് അയച്ചുനൽകിയത്.
ഈ പ്രവർത്തനങ്ങൾക്ക് പ്രതിഫലമായി ഇവർക്ക് 30,000 രൂപ ലഭിക്കുകയും ചെയ്തു. ബിരുദധാരിയായ സാഹിൽ മുൻപ് ഒരു അഭിഭാഷകന്റെ സഹായിയായി പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. സമീറ ഒരു കോൾ സെന്ററിലെ ജീവനക്കാരിയായിരുന്നു.




