രക്ഷാബന്ധൻ ദിനത്തിൽ കാശ്മീരിലെ പെൺകുട്ടികളും ഇന്ത്യൻ സൈനികരും തമ്മിൽ പങ്കുവെച്ച മനോഹരമായ ഒരു നിമിഷം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പെൺകുട്ടികൾ സൈനികരുടെ കൈകളിൽ രാഖി കെട്ടുന്ന വീഡിയോ ആണ് ആളുകളുടെ ഹൃദയം കവരുന്നത്.
പെൺകുട്ടികൾ സൈനികരുടെ അടുത്തേക്ക് വന്ന് അവരുടെ കൈകളിൽ രാഖി അണിയുന്നതാണ് വീഡിയോയിലുള്ളത്. സ്നേഹത്തിന്റെയും വൈകാരികതയുടെയും സന്ദേശം നൽകുന്ന ഈ ദൃശ്യങ്ങൾക്ക് വൻ പ്രചാരമാണ് ലഭിക്കുന്നത്. “എനിക്ക് സ്വന്തമായി സഹോദരങ്ങളില്ല, എന്നാൽ ഇന്ന് എനിക്ക് അത് ലഭിച്ചതായി തോന്നുന്നു. ജോലിത്തിരക്കുകൾ കാരണം കുടുംബത്തിൽ നിന്ന് അകന്നുനിൽക്കുന്ന സൈനികർക്ക് ഈ ദിവസം ആഘോഷിക്കാൻ കഴിയില്ലെന്ന് തോന്നാം. എന്നാൽ ഞങ്ങൾ അവരുടെ സഹോദരിമാരാണ്, ഞങ്ങൾ അവരുടെ കുടുംബമാണ്” – പ്രാദേശിക പെൺകുട്ടികളിലൊരാൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് രാജ്യമൊട്ടാകെ രക്ഷാബന്ധൻ ആഘോഷിച്ചത്. സഹോദരീസഹോദരന്മാർ തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമാണ് ഈ ഉത്സവം. ഈ അവസരത്തിലാണ് സഹോദരിമാർ സഹോദരന്മാരുടെ കൈകളിൽ രാഖി കെട്ടുന്നത്.
സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് ഈ സംഭവത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. “സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മനോഹരമായ ഉദാഹരണം” എന്നാണ് ഒരാൾ കുറിച്ചത്. “ഇതാണ് ഇന്ത്യയുടെ ഭംഗി” എന്ന് മറ്റൊരു ഉപയോക്താവും, “സംരക്ഷണവും വിശ്വാസവുമാണ് രക്ഷാബന്ധന്റെ കാതൽ, അത് ഇവിടെ വ്യക്തമായി കാണാം” എന്ന് വേറൊരാളും അഭിപ്രായപ്പെട്ടു.




