ദിസ്പുർ ∙ ജിമ്മിലെ വ്യായാമത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. അസം മെഡിക്കല്‍ കോളജിലെ പ്രൊഫസറായ ഡോ. സഹിന് റഹ്മാൻ (47) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് വ്യായാമത്തിനിടെ ബോധരഹിതനായി വീണ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിപ്പോർട്ടുകൾ പ്രകാരം, ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ അദ്ദേഹത്തിന് അസ്വസ്ഥതകളൊന്നും ഉള്ളതായി തോന്നിയിരുന്നില്ല. എന്നാൽ ചില വ്യായാമങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വേഗത കുറയുകയും പെട്ടെന്ന് തറയിലേക്ക് മുഖമടിച്ച് വീഴുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. വൈകുന്നേരം 7:36-നാണ് ഈ സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
അസ്സമിലെ നാഗോൺ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ (NMCH) കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു ഡോ. റഹ്മാൻ. മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
ഇത്തരം സംഭവങ്ങൾ വളരെ അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളൂ. ക്രമമായ വ്യായാമം ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും, അമിതമായ ശാരീരിക അധ്വാനം ചിലപ്പോൾ രക്തയോട്ടം കുറയുന്നതിന് കാരണമായേക്കാം.




