Featured Good News

ഫോർച്യൂണറിൽ വന്നിറങ്ങി റോഡ് തൂത്തുവാരുന്ന റിയൽ ഹീറോ! അധ്വാനം കൊണ്ട് ജീവിതം മാറ്റിമറിച്ച ശേഷപ്പണ്ണ- വീഡിയോ

കർണാടകയിലെ ബണ്ട്വാൾ ടൗൺ മുനിസിപ്പൽ കൗൺസിലിലെ ശുചീകരണ തൊഴിലാളിയായ ശേഷപ്പണ്ണ ഇന്ന് സോഷ്യൽ മീഡിയയിലെ വലിയ താരമാണ്. സ്വന്തം ടൊയോട്ട ഫോർച്യൂണർ കാറിലാണ് അദ്ദേഹം ദിവസവും ജോലി സ്ഥലത്തേക്ക് എത്തുന്നത്. ഏത് ഉയർന്ന വാഹനത്തിൽ സഞ്ചരിച്ചാലും തന്റെ തൊഴിലിനെ ദൈവത്തെപ്പോലെ കാണുന്ന ശേഷപ്പണ്ണയ്ക്ക് വലിയ ആദരവാണ് ഓൺലൈൻ ലോകം നൽകുന്നത്. എല്ലാ ദിവസവും രാവിലെ ബി.സി റോഡിൽ തന്റെ എസ്‌യുവി പാർക്ക് ചെയ്ത ശേഷം ചൂലെടുത്ത് ശുചീകരണത്തിനിറങ്ങുന്ന ഈ 58-കാരന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇത് തന്നെയാണ് ദിനചര്യ.

മുപ്പത് വർഷം മുൻപ് വെറും 50 രൂപ ദിവസക്കൂലിക്കാരനായി ജോലിയിൽ പ്രവേശിച്ച സമയത്ത് കടുത്ത മദ്യപാനിയായിരുന്നു ശേഷപ്പണ്ണ. അക്കാലത്ത് ലഭിച്ചിരുന്ന വരുമാനം ഒന്നിനും തികയുമായിരുന്നില്ല. എന്നാൽ ബണ്ട്വാൾ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന കെ.യു. ബെല്ലിയപ്പ നൽകിയ ഉപദേശമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ചതോടെ 2005 മുതൽ കുടുംബ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ ശേഷപ്പണ്ണയ്ക്ക് സാധിക്കുകയും ആ കുടുംബം വൻ ദാരിദ്ര്യത്തിൽ നിന്ന് കരകയറുകയും ചെയ്തു.

പിതാവ് മരിച്ച സമയത്ത് അന്ത്യകർമ്മങ്ങൾ നടത്താൻ പണമില്ലാതിരുന്നതും, സഹായിക്കാൻ ആരുമില്ലാത്തതിനാൽ മൃതദേഹം സ്വന്തം ചുമലിലേറ്റി നേത്രാവതി നദിക്കരയിലെത്തിച്ച് സംസ്കരിക്കേണ്ടി വന്നതും അദ്ദേഹത്തിന്റെ മനസ്സിലെ മായാത്ത ഓർമ്മയാണ്. എന്നാൽ ഇന്ന് ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനുമടങ്ങുന്ന കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന ശേഷപ്പണ്ണ, അവർക്കായി ഒരു പുതിയ വീട് പണിയാനുള്ള ഒരുക്കത്തിലാണ്.

വർഷങ്ങൾ കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ മുനിസിപ്പൽ ജോലി സ്ഥിരപ്പെടുകയും ചെയ്തു. റോഡ് വൃത്തിയാക്കുന്നതിന് പുറമെ മുനിസിപ്പാലിറ്റിയുടെ മാലിന്യ നിർമ്മാർജ്ജന വാഹനം ഓടിക്കുന്നതടക്കം നിരവധി ഉത്തരവാദിത്തങ്ങൾ അദ്ദേഹം നിർവ്വഹിക്കുന്നുണ്ട്. ദിവസവും രാവിലെ അഞ്ച് മണിക്ക് ശുചീകരണ ജോലികൾ ആരംഭിക്കുന്ന ശേഷപ്പണ്ണ, ഉച്ചയ്ക്ക് ശേഷമുള്ള സമയം അധിക വരുമാനത്തിനായി മറ്റ് ജോലി ക്രമീകരണങ്ങളിലേക്ക് തിരിയുകയാണ് പതിവ്.

ഈ ഫോർച്യൂണർ കാർ അദ്ദേഹത്തിന് ഒറ്റരാത്രികൊണ്ട് ലഭിച്ച ഒന്നല്ല. മുൻപ് സ്വന്തമായുണ്ടായിരുന്ന ആൾട്ടോ, സ്കോർപിയോ എന്നീ കാറുകൾ വിറ്റുകിട്ടിയ തുകയും ആവശ്യത്തിന് കടം വാങ്ങിയ പണവും കൂട്ടിച്ചേർത്താണ് ശേഷപ്പണ്ണ ഈ സെക്കൻഡ് ഹാൻഡ് ഫോർച്യൂണർ വാങ്ങിയത്. ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥതയും അധ്വാനവുമാണ് തന്നെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് ഈ ശുചീകരണ തൊഴിലാളി തെളിയിക്കുന്നു.