തെന്നിന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ തിയറ്ററുകളിൽ വലിയ തിരിച്ചടി നേരിടുന്നതിനിടെ, അണിയറയിൽ നടന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മുതിർന്ന സിനിമാപ്രവർത്തകനും സംവിധായകനുമായ ആലപ്പി അഷ്റഫ്. ചിത്രത്തിന്റെ സ്രഷ്ടാവായ ഗീതു മോഹൻദാസിനെ പൂർണ്ണമായും ഒറ്റപ്പെടുത്തി, നിർമാതാക്കളും വിതരണക്കാരും ചേർന്ന് ചിത്രം മറ്റൊരാളെക്കൊണ്ട് വീണ്ടും ചിത്രീകരിപ്പിക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് ഉന്നയിച്ചിരിക്കുന്നത്.
500 കോടിയിലധികം രൂപ ബജറ്റിൽ നിർമ്മിക്കപ്പെട്ട ചിത്രം തിയറ്ററുകളിലെത്തിയതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഏറ്റുവാങ്ങുന്നത്. എന്നാൽ ഈ ദയനീയ തകർച്ചയ്ക്ക് കാരണം ഗീതു മോഹൻദാസ് ഒരുക്കിയ യഥാർഥ സിനിമയല്ലെന്നും, കലക്ഷൻ കൂട്ടാനായി ബിസിനസ് ഗ്രൂപ്പുകൾ നടത്തിയ അനാവശ്യ കൈകടത്തലുകളാണെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ:
അറിവ് എവിടെനിന്നും ലഭിക്കുമെങ്കിലും തിരിച്ചറിവുണ്ടാകുന്നത് സ്വന്തം അനുഭവങ്ങളിൽ നിന്നാണെന്നും, ജീവിതത്തിലെ മുറിപ്പാടുകളെ നക്ഷത്രചിഹ്നങ്ങളാക്കി മാറ്റുന്നവരാണ് വിജയിക്കുന്നതെന്നും വ്യക്തമാക്കിക്കൊണ്ടാണ് ആലപ്പി അഷ്റഫ് വിവരങ്ങൾ പങ്കുവെക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പിന്നാമ്പുറ കഥകളിലേക്കും ഗീതുവിന് നേരിടേണ്ടി വന്ന സങ്കടകരമായ അനുഭവങ്ങളിലേക്കും അദ്ദേഹം വിരൽചൂണ്ടുന്നു.
വിവിധ ഭാഷകളിലായി ഒരുങ്ങിയ ‘ടോക്സിക്’ ഒരു സാധാരണ ചിത്രമല്ല, മറിച്ച് 500 കോടിയിലധികം രൂപ മുതൽമുടക്കുള്ള വമ്പൻ പ്രോജക്റ്റാണ്. ഒരു മലയാളി വനിതാ സംവിധായികയ്ക്ക് മലയാള സിനിമയിലെ പ്രമുഖ സംവിധായകർക്ക് പോലും ലഭിക്കാത്ത മികച്ച അവസരമാണ് ഇതിലൂടെ കൈവന്നത്. വിജയ്യുടെ ‘ജനനായകൻ’, സെയ്ഫ് അലി ഖാൻ നായകനാകുന്ന പ്രിയദർശൻ ചിത്രം ‘ഹൈമാൻ’ എന്നിവ നിർമ്മിച്ച പതിനായിരക്കണക്കിന് കോടികളുടെ ആസ്തിയുള്ള വൻകിട നിർമാതാവാണ് ഈ ചിത്രത്തിന് പിന്നിലുള്ളത്.
ഇത്തരമൊരു നിർമാതാവിനെയും നായകനായി യാഷിനെയും ലഭിച്ചത് ഗീതുവിന് വലിയൊരു ഭാഗ്യമായിരുന്നു. ചിത്രത്തിൽ വലിയ വിശ്വാസമർപ്പിച്ച യാഷ് നിർമാണ പങ്കാളിയാകുകയും ഗീതുവിനോടൊപ്പം തിരക്കഥാരചനയിൽ പങ്കുചേരുകയും ചെയ്തു. 2024 ഓഗസ്റ്റിൽ ബെംഗളൂരുവിൽ ചിത്രീകരണമാരംഭിച്ച സിനിമയിൽ നയൻതാര ഉൾപ്പെടെയുള്ള വൻ താരനിര അണിനിരന്നു. ഒടുവിൽ ലോകമെമ്പാടുമായി പന്തീരായിരം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
എന്നാൽ റിലീസിന് പിന്നാലെ നിരൂപകർ ചിത്രത്തെ കടുപ്പത്തിൽ വിമർശിക്കുകയും ബോക്സ്ഓഫീസിൽ പടം തകർന്നടിയുകയും ചെയ്തു. തമിഴ് നിരൂപകരടക്കം അതിരൂക്ഷമായ ഭാഷയിലാണ് ചിത്രത്തെ അധിക്ഷേപിച്ചത്. നാഷണൽ അവാർഡ് ജേതാവും പ്രശസ്ത സംവിധായകനുമായ രാജീവ് രവി ക്യാമറ ചലിപ്പിച്ച ചിത്രത്തിൽ നിർമാതാക്കൾക്കും യാഷിനും ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും റിലീസോടെ ആ വിശ്വാസം തകർന്നു. അശ്വന്ത് കോക്കിനെപ്പോലുള്ള നിരൂപകർ സന്തോഷ് പണ്ഡിറ്റിന്റെ അഞ്ചു ലക്ഷം രൂപയുടെ ചിത്രമാണ് ഇതിലും ഭേദമെന്ന് പരിഹസിക്കുകയുണ്ടായി.
നിരൂപണങ്ങൾക്കിടയിൽ ‘കസബ’ സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള പഴയ വിവാദങ്ങളും ഉയർന്നു വന്നു. അന്ന് മമ്മൂട്ടിക്കെതിരെ പാർവതി തിരുവോത്തിനെക്കൊണ്ട് സംസാരിപ്പിച്ചത് ഗീതുവാണെന്ന വാർത്തകൾ വരികയും തുടർന്ന് പാർവതിക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും മാനസികാഘാതങ്ങളും നേരിടേണ്ടി വരികയും ചെയ്തിരുന്നു. പിന്നീട് മമ്മൂട്ടി തന്നെ ഇടപെട്ട് ‘പുഴു’ എന്ന ചിത്രത്തിൽ അഭിനയിപ്പിച്ചാണ് ആ പ്രശ്നങ്ങൾക്ക് തിരശ്ശീലയിട്ടത്. ഉർവശിയും പാർവതിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ‘ടോക്സിക്’ നിറയെ സെക്സിന്റെ അതിപ്രസരവും സ്ത്രീവിരുദ്ധതയുമാണെന്ന ആക്ഷേപം ഉയർന്നതോടെ, മമ്മൂട്ടിയെ അന്ന് വിമർശിച്ചവർക്ക് തിരിച്ചടി കിട്ടിയെന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്.
ചിത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ പാർവതി തിരുവോത്തും ഡബ്ല്യൂസിസി അംഗങ്ങളും മൗനം പാലിക്കുന്നതും പാർവതി ഗീതുവിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തെന്ന വാർത്തകളും ചർച്ചയാകുന്നുണ്ട്. തുടർച്ചയായ പരാജയങ്ങൾ കാരണം നിർമാതാവിന് ഇനിയുള്ള ഏക പ്രതീക്ഷ വരാനിരിക്കുന്ന പ്രിയദർശൻ ചിത്രത്തിലാണ്.
എന്നാൽ ഗീതു മോഹൻദാസിനെ എല്ലാവരും എയറിൽ നിർത്തുമ്പോൾ, അധികമാർക്കും അറിയാത്ത ഒരു സത്യമുണ്ടെന്ന് ആലപ്പി അഷ്റഫ് വെളിപ്പെടുത്തുന്നു. ഗീതുവും രാജീവ് രവിയും ചേർന്ന് തങ്ങൾ മനസ്സിൽ കണ്ട കഥ മനോഹരമായി ചിത്രീകരിച്ച് പൂർത്തിയാക്കിയിരുന്നു. അതിൽ യാഷിനും തൃപ്തിയുണ്ടായിരുന്നു. എന്നാൽ സിനിമ കണ്ട ബിസിനസ് ഗ്രൂപ്പുകൾ ഈ രീതിയിൽ ചിത്രം പോയാൽ പണം വാരാൻ കഴിയില്ലെന്ന അഭിപ്രായത്തിലെത്തി.
തുടർന്ന് നിർമാതാവും വിതരണക്കാരും ചേർന്ന് ഗീതുവിനെ ഒറ്റപ്പെടുത്തി പല രംഗങ്ങളും മാറ്റി ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. ഗീതുവിന്റെ നിസ്സഹായാവസ്ഥ മുതലെടുത്ത് മറ്റൊരാളെ വച്ച് 40 ദിവസത്തോളം ചിത്രം വീണ്ടും ഷൂട്ട് ചെയ്യുകയായിരുന്നു. കളക്ഷൻ കൂട്ടാനായി ധാരാളം ഹോട്ട് സീക്വൻസുകളും വെടിവെപ്പുകളും തിരുകിക്കേറ്റി ഒരു മഹത്തായ കലാരൂപത്തെ എല്ലാവരും ചേർന്ന് വികൃതമാക്കി. നിസ്സഹായയായി സങ്കടം ഉള്ളിലൊതുക്കി ഗീതു മൗനം പാലിച്ചു. രണ്ടാം ഘട്ട ഷൂട്ടിംഗിന് ശേഷം പുറത്തുവന്ന ചിത്രത്തിന് ഗീതു ഉദ്ദേശിച്ച യഥാർത്ഥ കഥയുമായി ഒരു സാമ്യവും ഉണ്ടായിരുന്നില്ല. ഗീതുവും രാജീവ് രവിയും എടുത്തു പൂർത്തിയാക്കിയ യഥാർത്ഥ സിനിമയായിരുന്നെങ്കിൽ ചിത്രത്തിന് ഒരിക്കലും ഈ ഗതി വരില്ലായിരുന്നുവെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർക്കുന്നു.




