ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടാന്‍ വേണ്ടി നടത്തിയ ഞെട്ടിക്കുന്ന ഒരു കൊലപാതകം ഒമ്പത് ദിവസം കൊണ്ട് ഒമ്പത് ടീമിനെ വെച്ച് പോലീസ് പൊളിച്ചു. സംഭവത്തില്‍ സന്തോഷ് കുമാര്‍ സൈനി (42), മുഹമ്മദ് ആസിഫ് അന്‍സാരി (34), ശുഭം യാദവ് (29), അസ്മ ബാനോ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ലഖ്നൗ പോലീസ് യൂണിറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
1900 സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് ഇരയായ നീലം സൈനിയുടെ ബന്ധു ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ഇളയ സഹോദരി നീലം സെയ്നിയെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചന മുഴുവനും നടത്തിയത് മുഖ്യപ്രതിയായ സന്തോഷ് കുമാര്‍ സെയ്നിയാണെന്നും സ്വത്ത് മുഴുവനായും സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഗൂഡാലോചനയില്‍ തന്റെ പദ്ധതി മുഴുവന്‍ വിശദമാക്കിയ ശേഷം സന്തോഷ് കുമാര്‍ സിനിമ കാണാനായി പോയി. ഭര്‍ത്തൃസഹോദരിയുടെ തിരോധാനത്തില്‍ തന്നെ സംശയിക്കാതിരിക്കാനായിരുന്നു അയാളുടെ ഈ തന്ത്രം. നവംബര്‍ 5 ന് ദുരൂഹമായ സാഹചര്യത്തിലായിരുന്നു നീലത്തെ കാണാതായത്. മോഹന്‍ലാല്‍ ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കല്ലി പുരാബ് ഗ്രാമത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ നവംബര്‍ 6 ന് നീലത്തെ കണ്ടെത്തുകയായിരുന്നു.
ഇരയുടെ കഴുത്തറുത്തതിനാല്‍ അവര്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീയുടെ പേര് എഴുതിക്കാണിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയായ ആസ്മ ബാനോ എന്ന സ്ത്രീയുടെ പേര് യുവതി പറഞ്ഞു. പാറ പ്രദേശത്തെ പലചരക്ക് കടയില്‍ വെച്ച് നാലുമാസം മുമ്പ് പരിചയപ്പെട്ട ആസ്മ ബാനോ എന്ന യുവതി പൂജയ്ക്ക് എന്ന് പറഞ്ഞ് എസ്യുവി കാറില്‍ കയറ്റി കൊണ്ടുപോയി മയക്കമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി അബോധാവസ്ഥയിലാക്കിയെന്ന് ഇവര്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു.
നീലം മരിച്ചെന്നു കരുതി കൊലപാതകികള്‍ ഒരു കുറ്റിക്കാടിനുള്ളില്‍ അവളെ ഉപേക്ഷിച്ചു പോകുകയായിരുന്നു. എന്നാല്‍ എല്ലാവരും പോയതിന് പിന്നാലെ ബോധം തിരിച്ചുകിട്ടിയ നീലം തന്റെ കഴുത്ത് മുറിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കി. ഇവര്‍ കുറ്റിക്കാട്ടിനുള്ളില്‍ നിന്നും ഇഴഞ്ഞ് സമീപത്തെ റോഡിലെത്തി വഴിയേ പോയവരോട് സഹായം തേടുകയും സംഭവംമുഴുവനും പറയുകയും ചെയ്തു.
സംഭവത്തില്‍ കേസന്വേഷണത്തിനായി നിയോഗിക്കപ്പെട്ട പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഗ്രേ കളര്‍ എസ്യുവി കണ്ടെത്തി. അന്വേഷണം ഉടമ ശുഭം യാദവിലേക്കും എത്തി. കര്‍ശനമായി ചോദ്യം ചെയ്തപ്പോള്‍ അയാള്‍ വിവരങ്ങള്‍ ഒന്നൊന്നായി പറഞ്ഞു.
കൂടുതലായി നടത്തിയ അന്വേഷണത്തില്‍ മുഴുവന്‍ ഗൂഢാലോചനയ്ക്കും പിന്നില്‍ സന്തോഷ് കുമാര്‍ സെയ്നിയാണെന്ന് തെളിഞ്ഞു, കുറ്റം ചെയ്യാന്‍ ശുഭം യാദവ്, മുഹമ്മദ് ആസിഫ് അന്‍സാരി എന്ന മന്നു, ബന്ധു ആസ്മ എന്നിവരെ നിയോഗിച്ചതായും അയാള്‍ പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരയുടെ ഏക സഹോദരി തന്റെ ഭാര്യയായതിനാല്‍ നീലത്തെ കൊലപ്പെടുത്തുന്നതിലൂടെ ഇവരുടെ മുഴുവന്‍ സ്വത്തും തനിക്ക് വന്നുചേരുമെന്നതായിരുന്നു കൊലപാതകത്തിനുള്ള ഗൂഡാലോചന നടത്താന്‍ കാരണമായതെന്ന് സൈനി സമ്മതിച്ചു, ”പോലീസ് കൂട്ടിച്ചേര്‍ത്തു.