തിരുവനന്തപുരം: കേരള പോലീസിനെ പതിറ്റാണ്ടുകളായി വെട്ടിച്ച് ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്ത് വ്യാജപ്പേരിൽ ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട റിപ്പോർട്ടുകളോടാണ് പോലീസിന്റെ ഈ പ്രതികരണം.
ഇത്തരത്തിലുള്ള യാതൊരു വിവരവും നിലവിൽ പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കലില്ലെന്നാണ് പ്രാഥമിക വിശദീകരണം. സുകുമാരക്കുറുപ്പ് ഇനി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് അപ്രതീക്ഷിതമായി പുതിയ വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എന്നാൽ, നിലവിൽ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനമെന്തെന്ന് വ്യക്തമല്ലെന്ന നിലപാടിലാണ് പോലീസ് ഉദ്യോഗസ്ഥർ.
കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്ന വാർത്തകളാണ് ചാനലുകൾ പുറത്തുവിട്ടത്. സൈബർ വിദഗ്ദ്ധൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ ചിത്രങ്ങളുടെയും ബന്ധുക്കളുടെ ഫോൺ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
മലേഷ്യ-ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജപ്പേരിൽ കുറുപ്പ് താമസിക്കുന്നുണ്ടെന്നും 1991 മുതൽ വിദേശത്ത് ഒളിവിലായ ഇയാൾ നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമായിരുന്നു വാർത്തകൾ. വിദേശത്ത് കൺസ്ട്രക്ഷൻ മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും വാദമുയർന്നു. എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾ മാത്രം മുൻനിർത്തി അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ ദൃശ്യങ്ങളിൽ കാണുന്ന വയോധികൻ തൃശ്ശൂർ സ്വദേശിയായ മറ്റൊരു വ്യക്തിയാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.




