Crime

‘‘എന്റെ പിള്ളേരേ തടയുന്നോടാ…? നിന്നെക്കൊണ്ട് എന്റെ ഷൂസ് തുടപ്പിക്കും” സുരക്ഷാ ജീവനക്കാരോട് തട്ടിക്കയറി യുവതി- വീഡിയോ

ഗ്രേറ്റർ നോയിഡ വെസ്റ്റിലെ സൊസൈറ്റിയിൽ യുവതി സുരക്ഷാ ജീവനക്കാരുമായി തർക്കിക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതായി ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബിസ്രഖ് പോലീസ് സ്റ്റേഷൻ പരിധിയിലെ സെഞ്ചുറിയൻ പാർക്ക് ടെറസ് ഹോംസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

യുവതി ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാനെത്തിയ ഡെലിവറി എക്സിക്യൂട്ടീവിനെ സൊസൈറ്റി ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് തർക്കത്തിന് തുടക്കമിട്ടതെന്ന് പോലീസ് പറഞ്ഞു. ഡെലിവറി വൈകിയതിൽ പ്രകോപിതയായ യുവതി ഗേറ്റിലെത്തി ജീവനക്കാരുമായി ചോദ്യം ചെയ്യുകയും ഇത് പിന്നീട് വലിയ വഴക്കിൽ കലാശിക്കുകയുമായിരുന്നു.

യുവതി ഒന്നിലധികം സുരക്ഷാ ജീവനക്കാരുമായി കടുത്ത തർക്കത്തിലേർപ്പെടുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവതി, കസേരയിൽ ഇരിക്കുകയായിരുന്ന ജീവനക്കാരനെ ചവിട്ടാൻ ശ്രമിക്കുകയും മറ്റൊരു ജീവനക്കാരനെ കൈകൊണ്ട് അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. “എന്റെ മുന്നിൽ നീ ഒന്നുമല്ല, നിന്നെക്കൊണ്ട് ഞാൻ എന്റെ ഷൂസ് തുടപ്പിക്കും” എന്നും “നീ ആരെ വേണമെങ്കിലും വിളിച്ചോ” എന്നും യുവതി ജീവനക്കാരോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. അവരുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും യുവതിയുടെ ഭാഗത്തുനിന്നുണ്ടായി.

സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും ഡെലിവറി ബോയിയെ ഗേറ്റിൽ തടയാനുണ്ടായ കാരണത്തെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റസിഡൻഷ്യൽ സൊസൈറ്റികളിലെ താമസക്കാരും സുരക്ഷാ ജീവനക്കാരും ഡെലിവറി ഏജന്റുമാരും തമ്മിലുള്ള തർക്കങ്ങളെക്കുറിച്ച് ഈ വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ പോലീസ് അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്റെ പൂർണ്ണമായ വിവരങ്ങൾ പുറത്തുവരികയുള്ളൂ.