Sports

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി ; വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് തകര്‍ത്തു

മുംബൈ: ഒടുവില്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ആ നാഴികക്കല്ല് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ശതകത്തിന്റെ റെക്കോഡ് മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറില്‍ നിന്നുമാണ് കോഹ്ലി ഏറ്റെടുത്തത്. ഈ മത്സരത്തില്‍ സെഞ്ച്വറി നേടിയ കോഹ്ലി ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ ഫിഫ്റ്റി അടിച്ചു.

270 ഇന്നിംഗ്‌സുകളില്‍ നിന്നുമായിരുന്നു കോഹ്ലിയുടെ 50 സെഞ്ച്വറികള്‍ വന്നത്. 49 ഏകദിന സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. സച്ചിന്‍ ടീമിന്റെ ഓപ്പണറായിട്ടാണ് കൂടുതല്‍ സെഞ്ച്വറികളും നേടിയതെങ്കില്‍ വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാനായി കളിക്കാനിറങ്ങിയാണ് കോഹ്ലി ഈ നേട്ടം കൊയ്തിരിക്കുന്നത്. 106 പന്തുകളില്‍ നിന്നും എട്ട് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചായിരുന്നു കോഹ്ലി സെഞ്ച്വറി നേടിയത്.

ലോകകപ്പ് സെമിയില്‍ ന്യൂസിലന്റിനെതിരേ നടന്ന ആദ്യ സെമിഫൈനലില്‍ കേവലം 59 പന്തുകളില്‍ ഫിഫ്റ്റി അടിച്ചപ്പോള്‍ തന്നെ കോഹ്ലി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേട്ടത്തിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ മൂന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ മറികടന്നു. 18,426 റണസുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കറും 14,234 റണ്‍സുള്ള കുമാര സംഗക്കാരയുമാണ് പട്ടികയില്‍ കോഹ്ലിക്ക് മുന്നിലുള്ളത്. പോണ്ടിംഗിന്റെ 13704 റണ്‍സിന്റെ നേട്ടമാണ് വിരാട്‌കോഹ്ലി മറികടന്നത്.

ഈ ടൂര്‍ണമെന്റില്‍ സെമിഫൈനലിന് മുമ്പ് വരെ ഒമ്പത് കളികളില്‍ നിന്നും 594 റണ്‍സാണ് കോഹ്ലി നേടിയത്. രണ്ടു സെഞ്ച്വറികളും അഞ്ച് അരസെഞ്ച്വറികളും ഈ ടൂര്‍ണമെന്റില്‍ നേടിയായിരുന്നു കോഹ്ലി ന്യൂസിലന്റിനെതിരേ കളിക്കാനിറങ്ങിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മുന്നിലായിരുന്നു കോഹ്ലി അദ്ദേഹത്തിന്റെ റെക്കോഡ് മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തിലും കോഹ്ലി സച്ചിന്റെ റെക്കോഡ് മറികടന്നു. സച്ചിന്റെ പേരിലുള്ള 673 റണ്‍സ് മറികടന്ന കോഹ്ലി ഈ ടൂര്‍ണമെന്റില്‍ 700 റണ്‍സിന് മുകളിലാണ് ഏടുത്തിരിക്കുന്നത്.