Featured Oddly News

പൂട്ടും നൂലും ഭക്തർ ഇവിടെ ഉപേക്ഷിക്കുന്നത് എന്തിന്? നിഗൂഢ ക്ഷേത്രം; ബാധകളൊഴിയും, ആഗ്രഹങ്ങൾ സഫലമാകും!

ഗംഭീരമായ വാസ്തുവിദ്യ കൊണ്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം കൊണ്ടും ശ്രദ്ധേയമായ നിരവധിയേറെ ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ രാജസ്ഥാനിലെ മെഹന്ദിപൂർ ബാലാജി ക്ഷേത്രം ഇവയിൽ നിന്നെയെല്ലാം വ്യത്യസ്തമാണ്. ജയ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ ദൗസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ആത്മീയ രോഗശാന്തിക്കും ബാധ ഒഴിപ്പിക്കലിനുമാണ് ഏറെ പ്രശസ്തം. ദുഷ്ടശക്തികളിൽ നിന്നും ദോഷകരമായ ഊർജ്ജങ്ങളിൽ നിന്നും സംരക്ഷണം തേടിയാണ് ഭക്തർ ഇവിടെയെത്തുന്നത്.

സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന പ്രാർത്ഥനകളോ ഭജനകളോ അല്ല ഇവിടെ നടക്കുന്നത്. ക്ഷേത്ര മുറ്റത്ത് ബാരിക്കേഡുകളിലും ചുവരുകളിലും പൂട്ടിയിട്ടിരിക്കുന്ന പൂട്ടുകളും കെട്ടിയ ചരടുകളും ഇവിടെയെത്തുന്ന ഏതൊരാളെയും അത്ഭുതപ്പെടുത്തും. ഇവ കേവലം അലങ്കാരമല്ല, മറിച്ച് ഇവിടെയെത്തുന്ന ഭക്തർ തങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചനം തേടി സമർപ്പിക്കുന്ന വഴിപാടുകളാണ്. പൂട്ടുകൾ ദുരിതങ്ങളിൽ നിന്നുള്ള മോചനത്തെ സൂചിപ്പിക്കുമ്പോൾ, ചരടുകൾ ഭഗവാനുള്ള പ്രാർത്ഥനകളെ പ്രതിനിധീകരിക്കുന്നു.

രാജസ്ഥാൻ സർക്കാരിന്റെ പൈതൃക രേഖകൾ പ്രകാരം ബാധ ഉപദ്രവങ്ങളിൽ നിന്നും ആഭിചാരങ്ങളിൽ നിന്നും ആശ്വാസം തേടിയാണ് ആളുകൾ ഇവിടെയെത്തുന്നത്. ബാലാജി, പ്രേത് രാജ് സർക്കാർ, ഭൈരവ് എന്നീ ദൈവങ്ങൾ അടങ്ങുന്ന ഒരു ‘ആത്മീയ കോടതിയായി’ ആണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ചില പ്രത്യേക മുൻകരുതലുകളും നിലവിലുണ്ട്. ക്ഷേത്ര വളപ്പിൽ വെച്ച് അപരിചിതർ നൽകുന്ന ആഹാരമോ വെള്ളമോ കഴിക്കാൻ പാടില്ലെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റുള്ളവരുടെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ചെടുക്കുന്ന ദുഷ്ടശക്തികളും നിഷേധാത്മക ഊർജ്ജവും ഇത്തരം വസ്തുക്കളിൽ അടങ്ങിയിരിക്കാമെന്ന ഭയമാണ് ഇതിന് കാരണം. രോഗബാധിതരായ ഭക്തരിൽ നിന്ന് പുറന്തള്ളുന്ന അശുദ്ധമായ ഊർജ്ജം അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ ക്ഷേത്രത്തിലെ ജലം പോലും തൊടാൻ ആളുകൾ മടിക്കാറുണ്ട്.