മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പത്തൊമ്പതുകാരനും മാതാപിതാക്കളും കൊക്കയിൽ ചാടി മരിച്ച ദാരുണസംഭവത്തിന് പിന്നിൽ ഐഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ലെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുനാൽ ചാന്ദ്ഗുഡെ, പിതാവ് മുരളീധർ, മാതാവ് സംഗീത എന്നിവരാണ് മരിച്ചത്. കുനാലിന്റെ മൂത്ത സഹോദരന്റെ വേർപാടിന് പിന്നാലെ കുടുംബത്തിലുണ്ടായ തർക്കങ്ങളും മാതാപിതാക്കൾ തമ്മിലുണ്ടായ മാനസിക അകൽച്ചയും കുനാലിനെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. കഴിഞ്ഞ വർഷവും ഇതേ കൊക്കയിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച കുനാലിനെ അന്ന് പൊലീസുകാരാണ് രക്ഷപെടുത്തിയത്.
ആറുവർഷം മുൻപ് അസുഖം ബാധിച്ച് കുനാലിന്റെ സഹോദരൻ മരിച്ചതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ രൂക്ഷമായത്. ഡ്രൈവറായ മുരളീധർ മാസങ്ങളോളം വീട്ടിൽ വരാറില്ലായിരുന്നു. മരണത്തിന് രണ്ടു ദിവസം മുൻപ് ഇയാൾ വീട്ടിലെത്തിയപ്പോഴാണ് കുനാൽ വാങ്ങിയ ഐഫോണിന്റെ തവണ അടയ്ക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായത്. തുടർന്ന് പിണങ്ങിയിറങ്ങിയ കുനാൽ കുന്നിൻമുകളിലെത്തി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതറിഞ്ഞെത്തിയ മാതാപിതാക്കളും നാട്ടുകാരും പൊലീസും മണിക്കൂറുകളോളം സംസാരിച്ചെങ്കിലും കുനാൽ വഴങ്ങിയില്ല. ഒടുവിൽ മകനെ ബലമായി പിടിച്ചുമാറ്റാൻ മുരളീധർ ശ്രമിക്കുന്നതിനിടെ ഇരുവരും കൊക്കയിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് ഭയന്നുപോയ മാതാവ് സംഗീതയും പിന്നാലെ താഴേക്ക് ചാടുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
കുടുംബത്തിനുള്ളിൽ വലിയ തർക്കങ്ങളുണ്ടായിരുന്നതായി സംഗീതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും വ്യക്തമാക്കുന്നുണ്ട്. ഏകദേശം 29,000 സബ്സ്ക്രൈബർമാരുള്ള സ്വന്തം യുട്യൂബ് ചാനലിൽ അവർ പങ്കുവെച്ച അവസാന വിഡിയോയിൽ ചിലരെ ശപിക്കുന്ന തരത്തിലുള്ള സന്ദേശമാണുണ്ടായിരുന്നത്.
“സ്വത്തിൽ എനിക്കും മകനുമുള്ള അവകാശം നിങ്ങൾ ഇല്ലാതെയാക്കി. സഹോദരങ്ങളോടും മാതാപിതാക്കളോടും കൂടിച്ചേരാൻ നിങ്ങൾ ഒരിക്കലും അനുവദിച്ചില്ല. നിങ്ങൾ എന്റെ സന്തോഷമുള്ള കുടുംബത്തെ തകർത്തു. നിങ്ങൾ എന്റെ കുടുംബത്തിനുള്ളിൽ വിഷം കലർത്തി. എന്റെ മകനെ അവന്റെ മാതാപിതാക്കളിൽനിന്ന് അകറ്റി. ഈ പാപം, നിങ്ങളുടെ അടുത്ത ഏഴുതലമുറയോളം അനുഭവിക്കും. ഇതെന്റെ ശാപമാണ്’–
ആരുടെയും പേരോ മറ്റ് വിവരങ്ങളോ വ്യക്തമാക്കാതെയയിരുന്നു ഈ പോസ്റ്റ്. പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത് ആരെക്കുറിച്ചാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കുനാലിന്റെ ദാരുണമായ തീരുമാനത്തിന് പിന്നിൽ ആഴത്തിലുള്ള കുടുംബ-സ്വത്ത് തർക്കങ്ങൾ ഉണ്ടായിരുന്നോ എന്ന് സംശയിക്കപ്പെടുന്നു.




