ഹരിയാനയിലെ നൂഹിൽ ജ്യേഷ്ഠന്റെ കൊലപാതകത്തിന് എട്ട് വർഷങ്ങൾക്ക് ശേഷം പ്രതിയോട് പ്രതികാരം വീട്ടിയ 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ലെഹർവാരിയിലെ ഒരു വയലിൽ വെച്ച് 29-കാരനായ വ്യക്തിക്ക് തലയ്ക്ക് വെടിയേൽക്കുന്നത്. പോയിന്റ് ബ്ലാങ്കിൽ നിന്ന് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, 2018-ൽ കൊല്ലപ്പെട്ട തന്റെ സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്തതായി കാണിച്ച് യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കുവെച്ചിരുന്നു.
വ്യാഴാഴ്ച അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജ്യേഷ്ഠൻ കൊല്ലപ്പെടുമ്പോൾ പ്രതിക്ക് വെറും 11 വയസ്സ് മാത്രമായിരുന്നു പ്രായം. ജാമ്യത്തിൽ ഇറങ്ങി വിചാരണ നേരിടുകയായിരുന്ന കൊലയാളിയെ വധിക്കാൻ കഴിഞ്ഞ എട്ട് വർഷമായി യുവാവ് സ്വന്തമായി ശൃംഖല വളർത്തിയെടുക്കുകയും തോക്ക് സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് 12 പ്രതികളെക്കൂടി കണ്ടെത്താനുണ്ടെന്നും കൃത്യത്തിന് ഉപയോഗിച്ച തോക്ക് വീണ്ടെടുക്കാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.




