Celebrity

‘അത് പ്രേതമല്ല, ലെന മാത്രമല്ല ഞാനും കണ്ടിട്ടുണ്ട് മുറിയിലൊരാളെ, ഞാന്‍ കഴിച്ച മരുന്നുകള്‍ കഴിക്കുന്നത് നല്ലതാണ്’

നടി ലെന അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവെച്ച അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു. ജീൻസും ജുബ്ബയും ധരിച്ച ഒരാളെ മുറിയിൽ കണ്ടെന്നും, അത് ഒരു ആത്മാവായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായതെന്നുമായിരുന്നു ലെനയുടെ വെളിപ്പെടുത്തൽ. ലെനയുടെ ഈ പരാമർശം നിരവധി ട്രോളുകൾക്കാണ് വഴിതുറന്നത്.

എന്നാൽ ഇപ്പോൾ ലെനയ്ക്ക് മാത്രമല്ല, തനിക്കും ഇതുപോലെ ഒരു അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡിജിറ്റൽ ക്രിയേറ്ററായ ഷാജി ടി.വി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷാജി തനിക്കുണ്ടായ ഈ അപൂർവ്വ അനുഭവം വിശദീകരിക്കുന്നത്.

ഷാജിയുടെ വാക്കുകള്‍…..


“കുട്ടിക്കാലത്ത് അങ്ങനൊരാളെ കണ്ടു സംസാരിച്ചപ്പോള്‍ തന്റെ കാരണവന്‍മാര്‍ പ്രേതബാധയാണെന്ന് സ്ഥിരീകരിച്ച് മന്ത്രവാദക്കളങ്ങളിലിരുത്തി, അങ്ങനെയെങ്ങനെയോ തല്‍ക്കാലത്തേക്ക് ആ അനുഭവത്തില്‍ നിന്നും മോചിതനായി, ആറു വര്‍ഷം മുന്‍പും സമാന അനുഭവം വന്നു, അയാളോട് അടുത്തുനിന്ന് കൈപിടിച്ച് സംസാരിച്ചു, ആ മുഖം വ്യക്തമായി ഓര്‍മയുണ്ട്, രാഷ്ട്രീയം, ആഗോള ഫിലോസഫിയൊക്കെയായിരുന്നു ചര്‍ച്ച, എന്നാല്‍ മുറിയിലേക്ക് ആരെങ്കിലും കയറിവന്നാല്‍ അയാള്‍ അപ്രത്യക്ഷമാകും. തന്നോട് തന്റെ പങ്കാളിയാണ് ഇതേക്കുറിച്ച് ഗൗരവമായി പറഞ്ഞത്, ഒറ്റയ്ക്ക് സംസാരിക്കുന്നുണ്ടെന്നും അത് പുറത്തേക്ക് കേട്ടെന്നുമാണ് അവള്‍ പറഞ്ഞത്, കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നു തോന്നിയതോടെ താന്‍ ഡോക്ടറെ കണ്ടു, ഡോക്ടര്‍ നല്‍കിയ മരുന്നുകഴിച്ചു അന്ന് ആ പ്രശ്നം ഭേദമായി”.

ഇല്ലാത്ത ആളുകളെ നമ്മൾ എങ്ങനെയാണ് കാണുന്നതെന്ന് പിന്നീട് പലതവണ ചിന്തിച്ചിട്ടുണ്ടെന്നു പറയുന്ന ഷാജി, ഇതിന് പിന്നിൽ തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട C4 (Complement Component 4) എന്ന ജീൻ, തലച്ചോറിലെ ആവശ്യമില്ലാത്ത ന്യൂറോൺ ബന്ധങ്ങളെ (Synapses) നീക്കം ചെയ്ത് നാഡീവ്യൂഹത്തെ കാര്യക്ഷമമാക്കാൻ (Synaptic Pruning) സഹായിക്കുന്നുണ്ട്. ശരീരത്തിലെ കോശങ്ങൾ നശിപ്പിക്കപ്പെടുന്ന ഈ സങ്കീർണ്ണമായ പ്രക്രിയയിൽ ചിലപ്പോൾ തകരാറുകൾ സംഭവിച്ചേക്കാം. ആവശ്യമുള്ള കോശങ്ങൾ കൂടി നശിച്ചുപോകുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുകയും, പ്രെഡിക്റ്റീവ് സിസ്റ്റം തകരാറിലായി പലതരത്തിലുള്ള മാനസിക വിഭ്രാന്തികൾ (Delusions) അനുഭവപ്പെടുകയും ചെയ്യും. ജനിതകപരമായ പ്രശ്നങ്ങളും അമിത മാനസിക സമ്മർദ്ദവുമൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.

അതുകൊണ്ട് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ആരും ലെനയെ കളിയാക്കേണ്ടതില്ലെന്നും, താൻ കഴിച്ചതുപോലെയുള്ള മരുന്നുകൾ കഴിക്കുന്നത് ലെനയ്ക്ക് ഗുണം ചെയ്തേക്കുമെന്നും ഷാജി പറയുന്നു. അല്ലാതെ കണ്ടത് പ്രേതത്തെയോ ആത്മാവിനെയോ ആണെന്ന് പറയരുത്. തലച്ചോർ ഇത്തരത്തിലുള്ള അനുഭവങ്ങളെ സ്ഥിരമായി ഉറപ്പിച്ചു (Fix) തുടങ്ങിയാൽ, അത് പിന്നീട് പതിവായി മാറാൻ സാധ്യതയുണ്ടെന്നും ഷാജി മുന്നറിയിപ്പ് നൽകുന്നു.