Lifestyle

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ! 2026-ലെ സുന്ദരിയായി തായ് നടി ലിംഗ്ലിംഗ് ക്വോംഗ്!

ദി നെറ്റിസൺസ് ചോയ്സ് മാഗസിൻ നടത്തിയ ആഗോള വോട്ടെടുപ്പിൽ തായ് നടി ലിംഗ്ലിംഗ് സിരിലാക് ക്വോംഗ് ‘2026-ലെ ഏറ്റവും മനോഹരിയായ സ്ത്രീയായി’ (Most Beautiful Woman Alive 2026) തിരഞ്ഞെടുക്കപ്പെട്ടു. മാഗസിന്റെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമായി നടന്ന വോട്ടെടുപ്പിൽ 2.2 കോടിയിലധികം വോട്ടുകൾ നേടിയാണ് ലിംഗ്ലിംഗ് ഈ വിജയം സ്വന്തമാക്കിയത്. പുതുതായി അവതരിപ്പിച്ച ഈ വിഭാഗത്തിലെ ആദ്യ വിജയി കൂടിയാണ് ഇവർ.

ഇതോടൊപ്പം ‘2026-ലെ ഏറ്റവും മനോഹരിയായ തായ് നടി’ എന്ന പട്ടവും ഒരു കോടിയിലധികം വോട്ടുകൾ നേടി ലിംഗ്ലിംഗ് കരസ്ഥമാക്കി. 2025-ൽ ഈ കിരീടം നേടിയ തുർക്കിഷ് താരം സില തുർക്കോഗ്ലുവിനെ പിന്തള്ളിയാണ് ഇത്തവണ ലിംഗ്ലിംഗ് ഒന്നാമതെത്തിയത്. റാങ്കിംഗിൽ സില തുർക്കോഗ്ലു രണ്ടാം സ്ഥാനത്തും, തുർക്കിഷ് നടി യാഗ്മുർ യുക്സെൽ, തായ് താരം ഓർം കോൺനാഫാറ്റ്, ഹോളിവുഡ് താരം സ്കാർലെറ്റ് ജോഹാൻസൺ എന്നിവർ അടുത്ത സ്ഥാനങ്ങളിലുമെത്തി. ബ്ലാക്ക്പിങ്കിന്റെ ജിസൂ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ആൽബ തുടങ്ങിയ പ്രമുഖരും നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്നു.

ഹോങ്കോങ്ങിൽ ജനിച്ച തായ് നടിയും മോഡലുമാണ് ലിംഗ്ലിംഗ് ക്വോംഗ്. തായ്‌ലൻഡിലെ വിനോദ-ഫാഷൻ രംഗത്ത് സജീവമായ ഇവർക്ക് തായ്, കാന്റോണീസ്, മന്ദാരിൻ, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാം. ‘ദ സീക്രട്ട് ഓഫ് അസ്’ (2024), ‘ഓൺലി യു’ (2025) എന്നീ പരമ്പരകളിലെ പ്രകടനത്തിലൂടെയാണ് ലിംഗ്ലിംഗ് ആഗോളതലത്തിൽ വലിയ ശ്രദ്ധനേടിയത്.