താടിയിൽ അർബുദബാധ കണ്ടെത്തിയതിനെ തുടർന്ന് ജൊഡി ഫോസ്റ്റർ എന്ന 23 വയസ്സുള്ള റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പ്, മനുഷ്യരിൽ സാധാരണയായി ഉപയോഗിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ക്യാൻസർ ചികിത്സയ്ക്ക് വിധേയയായി. ലോകത്ത് ആദ്യമായാണ് ഒരു പാമ്പിന് ഈ ചികിത്സ നൽകുന്നത്. ചെസ്റ്റർ മൃഗശാലയിൽ കഴിയുന്ന 15 അടി നീളവും 50 കിലോഗ്രാം ഭാരവുമുള്ള ഈ പാമ്പിന്, അർബുദം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇലക്ട്രോചെമോതെറാപ്പി നൽകിയത്.
ഭക്ഷണം കഴിക്കുന്നത് കുറയുകയും ഒരേയിടത്ത് തന്നെ നിശ്ചലയായി തുടരുകയും ചെയ്തതോടെയാണ് പരിപാലകർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ താടിയിൽ ‘ഫൈബ്രോസാർകോമ’ എന്ന മാരകമായ ക്യാൻസർ ട്യൂമർ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തെങ്കിലും ട്യൂമർ വീണ്ടും വരികയും താടിയെല്ലിനെ ബാധിക്കുകയും ചെയ്തത് പാമ്പിന്റെ ജീവന് തന്നെ ഭീഷണിയായി.
ഇലക്ട്രോചെമോതെറാപ്പിക്ക് വിധേയയായി മാസങ്ങൾക്കുശേഷം, ജൊഡി ഇപ്പോൾ സാധാരണപോലെ ഭക്ഷണം കഴിക്കുകയും പഴയതുപോലെ ഉന്മേഷവതിയായിരിക്കുകയും ചെയ്യുന്നുവെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. ഇരയെ വിഴുങ്ങാൻ താടിയെല്ലുകൾ വേർപെടുത്താൻ കഴിവുള്ളവരാണ് മലമ്പാമ്പുകൾ. ചികിത്സയ്ക്ക് ശേഷവും ജൊഡിക്ക് ഭക്ഷണം ഇരപിടിച്ച് വിഴുങ്ങാൻ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് മൃഗശാല ജീവനക്കാർ നിരീക്ഷിച്ചു.
ട്യൂമർ തിരിച്ചെത്തി താടിയെല്ലിനെ നശിപ്പിക്കാൻ തുടങ്ങിയപ്പോൾ ശസ്ത്രക്രിയ മാത്രം മതിയവില്ലെന്ന് മനസ്സിലാക്കിയതായി ചെസ്റ്റർ മൃഗശാലയിലെ വെറ്ററിനറി ഓഫീസർ ഇയാൻ ആഷ്പോൾ പറഞ്ഞു. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയതോടെ പാമ്പിനെ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് ക്യാൻസർ വിദഗ്ദ്ധരുമായി ചേർന്ന് ഇലക്ട്രോചെമോതെറാപ്പി പാമ്പുകളിൽ പ്രയോഗിക്കാൻ തീരുമാനിച്ചത്. വളരെ വലിപ്പമുള്ള പാമ്പായതിനാൽ രണ്ട് ഓപ്പറേഷൻ ടേബിളുകൾ ചേർത്തുവെച്ചാണ് 90 മിനിറ്റ് നീണ്ട പ്രക്രിയ പൂർത്തിയാക്കിയത്.
ശസ്ത്രക്രിയയിലൂടെ അർബുദ ബാധിതമായ കോശങ്ങളും താടിയെല്ലിന്റെ ഭാഗവും നീക്കം ചെയ്ത ശേഷം, ബാക്കിയുള്ള ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഇലക്ട്രോചെമോതെറാപ്പി നൽകുകയായിരുന്നു. ‘ബ്ലിയോമൈസിൻ’ എന്ന ക്യാൻസർ മരുന്നും വൈദ്യുത തരംഗങ്ങളും സംയോജിപ്പിച്ച് നൽകുന്നതാണ് ഈ ചികിത്സാരീതി. ഇത് മരുന്ന് ക്യാൻസർ കോശങ്ങളിലേക്ക് വേഗത്തിൽ ഇറങ്ങിച്ചെല്ലാൻ സഹായിക്കുന്നു.
ലിവർപൂൾ സർവകലാശാലയിലെ വിദഗ്ദ്ധനായ ജോസ് അൽവാരസ് പിക്കോർനെല്ലിന്റെ സഹകരണത്തോടെയാണ് ഈ ചികിത്സ നടപ്പിലാക്കിയത്. ചികിത്സയ്ക്ക് ശേഷം നടത്തിയ അവസാന പരിശോധനയിലും ക്യാൻസർ തിരിച്ചുവന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. മൃഗവൈദ്യശാസ്ത്ര രംഗത്ത് ലോകമെമ്പാടുമുള്ള ഡോക്ടർമാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഈ ചികിത്സാ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




