വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരോട് ഇന്ത്യയിൽ തന്നെ തുടരാൻ ഉപദേശിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് അമേരിക്കയിൽ താമസിക്കുന്ന രണ്ട് എൻ.ആർ.ഐ (NRI) ദമ്പതികൾ. ദർശന എന്ന കണ്ടെന്റ് ക്രിയേറ്ററോട് സംസാരിക്കവേയാണ് സുഹാസും പ്രിയങ്കയും അമേരിക്കയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, ഒരു കാലത്ത് തങ്ങൾ അമേരിക്കയിൽ തേടിയെത്തിയ അതേ കരിയർ അവസരങ്ങൾ ഇന്ന് ഇന്ത്യയിലും ലഭ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തത്.
വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന ചോദ്യത്തിന് “ഇങ്ങോട്ട് വരരുത്” എന്നായിരുന്നു സുഹാസിന്റെ ലളിതമായ മറുപടി. തങ്ങൾ വിദേശത്തേക്ക് ചേക്കേറിയ കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് സുഹാസ് വിശദീകരിച്ചു. “ഞങ്ങൾ വന്ന സമയത്ത് ഇന്ത്യയിൽ ഒരു നല്ല ജോലി കണ്ടെത്താനും മെച്ചപ്പെട്ട ജീവിതനിലവാരം സ്വന്തമാക്കാനും വളരെ പ്രയാസമായിരുന്നു. അന്ന് അമേരിക്ക വളരെ എളുപ്പമുള്ള വഴിയായിരുന്നു; ഇവിടെ വന്ന് മാസ്റ്റേഴ്സ് ബിരുദം നേടി ഒരു ജോലി സംഘടിപ്പിച്ചാൽ ജീവിതം സുരക്ഷിതമായിരുന്നു,” അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് ഇന്ത്യ മാറിപ്പോയെന്നും മുൻപ് ആളുകളെ വിദേശത്തേക്ക് ആകർഷിച്ച എല്ലാ അവസരങ്ങളും ഇന്ന് ഇന്ത്യയിൽ തന്നെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിപണിയിൽ നിക്ഷേപകർ വലിയ പ്രതീക്ഷയിലാണെന്നും നിരവധി ബിസിനസ്സുകൾ ഇന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. അവസരങ്ങൾ സമമായി ലഭ്യമാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം സ്വന്തം നാടെന്ന തോന്നലാണ്. വർഷങ്ങളായി അമേരിക്കയിൽ ജീവിച്ചിട്ടും തനിക്ക് ഇപ്പോഴും പൂർണ്ണമായ ഒരു അംഗീകാരം ലഭിച്ചതായി തോന്നിയിട്ടില്ലെന്ന് സുഹാസ് തുറന്നുപറഞ്ഞു. “കുടുംബത്തെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച് ഒരു വിദേശ നാട്ടിലെത്തി പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കി, അവിടെ അംഗീകരിക്കപ്പെടുക എന്നത് വലിയൊരു തത്യാഗമാണ്. എനിക്ക് സാധിക്കുമെങ്കിൽ ഞാൻ ഇന്ത്യയിൽ തന്നെ ജീവിക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരുടെയും ചൈനക്കാരുടെയും വിദേശപഠന സമീപനത്തെയും ദമ്പതികൾ താരതമ്യം ചെയ്തു. ഇന്ത്യക്കാർ വിദേശത്ത് തന്നെ തുടരാൻ ആഗ്രഹിക്കുമ്പോൾ, ചൈനീസ് വിദ്യാർത്ഥികൾ വിദേശത്തുനിന്ന് ഉന്നത വിദ്യാഭ്യാസവും അറിവും നേടി സ്വന്തം നാട്ടിലേക്ക് മടങ്ങുകയും രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.




