Oddly News

അഞ്ചാം ക്ലാസുകാരന്‍ വിദ്യാര്‍ഥിനികളെ മൂത്രം കുടിപ്പിച്ചു; വായിൽ ദുർഗന്ധമുണ്ടെങ്കിൽ ‘ചോക്ലേറ്റ് കഴിച്ചാൽ മതി’യെന്ന് പ്രിൻസിപ്പൽ !

മധ്യപ്രദേശിലെ ഗുണ ജില്ലയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി സഹപാഠികളായ രണ്ട് പെൺകുട്ടികളെ നിർബന്ധിച്ച് മൂത്രം കലർത്തിയ വെള്ളം കുടിപ്പിച്ചു. ആരോൺ ബ്ലോക്കിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുടിവെള്ള കുപ്പിയിലാണ് വിദ്യാർത്ഥി മൂത്രം കലർത്തി പെൺകുട്ടികൾക്ക് നൽകിയത്. സംഭവത്തിന് പിന്നാലെ ദുരനുഭവം നേരിട്ട കുട്ടികൾ സ്കൂൾ പ്രിൻസിപ്പലിനോട് പരാതിപ്പെട്ടെങ്കിലും, വായിൽ ദുർഗന്ധമുണ്ടെങ്കിൽ പത്തുരൂപയുടെ ചോക്ലേറ്റ് വാങ്ങി കഴിക്കാനായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി.

സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ അവഗണന പുറത്തറിഞ്ഞതോടെ പെൺകുട്ടികളുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രിൻസിപ്പലിനും കുറ്റക്കാരനായ വിദ്യാർത്ഥിക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്കൂൾ പൂട്ടിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പോലീസും സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്. സംഭവത്തിൽ മറ്റ് വിദ്യാർത്ഥികൾക്ക് പങ്കുണ്ടോ എന്നും അധികൃതർ പരിശോധിച്ചു വരുന്നുണ്ട്.

വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഗുണ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിടുകയും വീഴ്ച വരുത്തിയ പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് രണ്ട് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരായവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോൺ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വ്യക്തമാക്കുകയും ചെയ്തു.