Crime

ലൈംഗികബന്ധത്തിനു വഴങ്ങിയില്ല, ഭിന്നശേഷി യുവാവിനെ ക്രൂരമായി മർദിച്ച് നാലംഗസംഘം; പകുതി മീശയും മുടിയും വടിച്ചുമാറ്റി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ 23 വയസ്സുകാരന് നേരെ ക്രൂരമായ അതിക്രമം. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് നാലംഗ സംഘം യുവാവിനെ കമ്പിവടി ഉപയോഗിച്ച് ഭീകരമായി മർദ്ദിക്കുകയായിരുന്നു. ക്രൂരതയുടെ ഭാഗമായി യുവാവിന്റെ മുടിയും മീശയും പകുതിയോളം സംഘം ബലമായി വടിച്ചെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കമുകിൻതോട് സ്വദേശികളായ ജിത്തു, റംസി, ചിപ്പൂത്തി എന്നിവരും ഇവരുടെ മറ്റൊരു സുഹൃത്തും ചേർന്നാണ് ഈ ക്രൂരത കാട്ടിയത്. പ്രദേശത്തെ വിജനമായ ഒരു വീട്ടിലെത്തിച്ചാണ് പ്രതികൾ യുവാവിനെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചത്. ഇതിന് വഴങ്ങാതിരുന്നതോടെ കൈകാലുകൾ കൂട്ടിക്കെട്ടി വിവസ്ത്രനാക്കിയ ശേഷം ഇരുമ്പുവടി കൊണ്ട് കൈക്കും കാലിനും പുറത്തും ക്രൂരമായി അടിച്ചു പരിക്കേൽപ്പിച്ചു. രാത്രി മുഴുവൻ നീണ്ട ക്രൂരമർദ്ദനത്തിന് ശേഷം രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവാവിൽ നിന്നാണ് കുടുംബം വിവരമറിയുന്നത്.

സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ നാലുപേരും മുൻപും വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരിക്കടത്ത് അടക്കമുള്ള നിരവധി ഗുരുതരമായ കേസുകളിലെ പ്രതികളാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.