Crime

‘അച്ഛനെയും അമ്മയെയും പറഞ്ഞു വിടാൻ ദൈവം പറഞ്ഞു, അവരെ കൊന്നു’; മകന്റെ വിചിത്രമായമൊഴി

ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ വിചിത്രമായ വാദങ്ങളുമായി പ്രതിയായ മകൻ അജീഷ്. ദൈവം വിളിച്ചു പറഞ്ഞ് അച്ഛനെയും അമ്മയെയും യാത്രയാക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് താൻ കൊലപാതകം നടത്തിയത് എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. നിലവിൽ കസ്റ്റഡിയിലുള്ള മകൻ അജീഷിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി.

സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ മാതാപിതാക്കളുമായി വഴക്കിടുന്ന സ്വഭാവക്കാരനായിരുന്നു പ്രതിയെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു. സംഭവദിവസവും വീട്ടിൽ നിന്ന് വലിയ രീതിയിൽ ബഹളം കേട്ടിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന മാതാപിതാക്കളെയാണ്. അവിടെയുണ്ടായിരുന്ന നാട്ടുകാരെയും ആക്രമിക്കാൻ പ്രതി ശ്രമിക്കുകയുണ്ടായി. തുടർന്ന് സമീപവാസികൾ ഉടൻ തന്നെ വിവരമറിയിച്ചതിനെത്തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.