മോഡലിംഗിലൂടെ സിനിമയിലെത്തി വിജയിച്ച ഒരുപാട് നടീനടന്മാര് സിനിമയിലുണ്ട്. എന്നാല്‍ പരാജിതരായവരും കുറവല്ല. മുന്നില്‍ വന്ന തടസ്സങ്ങളെയും മറികടന്ന് വിജയം നേടിയവരും സിനിമാമേഖലയിലുണ്ട്. മോഡലായി കരിയർ ആരംഭിച്ച യുവനടിയാണ് ദുഷാര വിജയന്. നിഫ്റ്റില്‍ നിന്ന് ഫാഷൻ ഡിസൈൻ പഠിക്കുന്നതിനിടയിൽ മോഡലിംഗ് ആരംഭിച്ച താരം സിനിമകളിലും ടെലിവിഷൻ പരസ്യങ്ങളിലും പ്രിന്റ് കാമ്പെയ്നുകളിലും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് അരിയര്‍ ആരംഭിച്ചത്.
2017-ൽ മിസ് ഫേസ് ഓഫ് ചെന്നൈയും അതേ വർഷം മിസ് സൗത്ത് ഇന്ത്യ സെക്കന്റ് റണ്ണറപ്പും നേടിയിട്ടുണ്ട് താരം. ബോധൈ യേരി ബുദ്ധി മാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം പാ രഞ്ജിത്തിന്റെ സർപ്പട്ട പറമ്പരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടി. അതിനു ശേഷം അൻബുള്ള ഗില്ലിയടക്കം നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തി. തമിഴ് ചലച്ചിത്രമേഖലയിലെ മികച്ച നടിയായി മാറിയ ദുഷാര, കഴിഞ്ഞ ഏഴ് വർഷമായി തമിഴ് ചലച്ചിത്രമേഖലയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ച ഒരാളെന്ന നിലയിൽ ഇന്ന് വിജയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അവാര്‍ഡ് ഷോയില്‍ വച്ച് താന്‍ നേരിട്ട തിരസ്കാരങ്ങളെക്കുറിച്ചും അപമാനങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് താരം.
പലരും തന്നെ പല സിനിമകളില്‍ നിന്നും സൗന്ദര്യത്തിന്റെ പേരില്‍ റിജക്ട് ചെയ്തിട്ടുണ്ടെന്നാണ് താരം പറയുന്നത്. ‘‘ഒരുപാട് റിജെക്ഷൻ ഞാൻ നേരിട്ടിട്ടുണ്ട്. ഒരു സംവിധായകൻ എന്നോട് പറഞ്ഞത് നീ എന്തിനാ അഭിനയിക്കാൻ വന്നത്, സ്വഭാവനടിയുടെ വേഷമാണെങ്കിൽ കുഴപ്പമില്ല. അല്ലാതെ നായികയുടെ വേഷമൊന്നും നിനക്ക് കിട്ടാൻ പോകുന്നില്ല എന്ന് പറഞ്ഞു. മാരിയമ്മ ഡബ്ബിങ് കഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ ഞാൻ അതേ സംവിധായകനെ കണ്ടു. ‘എന്തിനാ ഇവിടെ നിൽക്കുന്നത്, ആർക്കെങ്കിലും ഡബ്ബ് ചെയ്യാൻ വന്നതാണോ?’. അല്ല ഞാനാണ് ഇതിൽ നായിക. വോയിസ് കൊടുക്കാൻ വന്നതാ എന്ന് പറഞ്ഞു. എന്നെ സംബന്ധിച്ചു അതൊരു തഗ്ഗ് മൊമെന്റ് ആയിരുന്നു…. ’’ ചിരിയോടെ ദുഷാര പറയുന്നു.
അതിനു ശേഷം ചടുലമായ സംഭാഷണങ്ങളും നൃത്തവും ചെയ്ത് പ്രേക്ഷകരുടെയും സഹതാരങ്ങളുടെയും കൈയടി നേടിയാണ് ദുഷാര വേദിയില്‍ നിന്ന് മടങ്ങിയത്. തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘തലൈവര്‍ 170’ എന്നിവയടക്കം ദുഷാരയുടെ കൈകളില്‍ ഒരുപാട് നല്ല പ്രൊജക്ടുകള്‍ റിലീസ് ചെയ്യാനുണ്ട്.




