ഡെറാഡൂൺ: വാർഷിക കൻവാർ യാത്ര കഴിഞ്ഞ് തീർഥാടകർ മടങ്ങിയതോടെ ‘ദൈവഭൂമി’യായ ഹരിദ്വാർ വൻ മാലിന്യക്കൂമ്പാരത്താൽ വീർപ്പുമുട്ടുന്നു. അഞ്ച് കോടിയോളം ഭക്തരാണ് ഇത്തവണ കൻവാർ തീർഥാടനത്തിനായി ഇവിടെയെത്തിയത്. ഗംഗാ നദിയിൽനിന്ന് വിശുദ്ധ ജലം ശേഖരിക്കാനെത്തിയ തീർഥാടകർ വസ്ത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും നദിക്കരയിലും പരിസരങ്ങളിലും ഉപേക്ഷിച്ചു കടന്നുപോയതാണ് സ്ഥിതി വഷളാക്കിയത്.
തീർഥാടകർക്ക് വസ്ത്രം മാറാനായി സജ്ജീകരിച്ചിരുന്ന മുറികളിൽ നൂറുകണക്കിന് മൂത്രം നിറച്ച കുപ്പികളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരുവിധ മുൻകരുതലുകളോ കൈയുറയോ മാസ്കോ ഇല്ലാതെ ശുചീകരണ തൊഴിലാളികൾ ഇവ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്തുനിന്ന് ആകെ 8000 ടൺ മാലിന്യം നീക്കം ചെയ്യാനുണ്ടെന്നാണ് ഹരിദ്വാർ മുനിസിപ്പൽ കൗൺസിൽ വ്യക്തമാക്കുന്നത്. ഇതിൽ 7000 ടണ്ണോളം ഇതിനകം വൃത്തിയാക്കിയെന്നും അധികൃതർ അവകാശപ്പെടുന്നു.
യാത്ര കഴിഞ്ഞ് മടങ്ങിയ തീർഥാടകർ പോകുന്ന വഴി നീളെ വസ്ത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളും തള്ളിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പരിസ്ഥിതിലോല മേഖലയിൽ ഇത്തരത്തിൽ ടൺകണക്കിന് മാലിന്യം കുന്നുകൂടിയത് പ്രദേശത്തെ സസ്യജന്തുജാലങ്ങൾക്ക് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.
പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ച ഗംഗോത്രിയിൽ പോലും ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. തീർഥാടന സമയത്ത് കൃത്യമായ മാലിന്യ നിർമാർജന സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഉത്തരാഖണ്ഡ് സർക്കാർ പൂർണമായി പരാജയപ്പെട്ടതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമായതെന്ന് ശക്തമായ വിമർശനമുയരുന്നുണ്ട്..
ഹരിദ്വാറിലും ഋഷികേശിലും മാത്രമല്ല, ഗംഗയുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രിയിലും സ്ഥിതി ഭയാനകമാണ്. ഏകദേശം 57,000 ഭക്തരാണ് ഇത്തവണ ഗംഗോത്രി സന്ദർശിച്ചത്. ഇവരും ടൺ കണക്കിന് പ്ലാസ്റ്റിക്കും വസ്ത്രങ്ങളും വഴിയിൽ ഉപേക്ഷിച്ചു. ഗംഗോത്രി ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണെങ്കിലും നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് മാലിന്യം തള്ളിയത്. ഇത് ഹിമാലയൻ പരിസ്ഥിതിക്കും വന്യജീവികൾക്കും വലിയ ഭീഷണിയാകുന്നുണ്ട്. യാത്രയ്ക്ക് ശേഷം വനംവകുപ്പ് നടത്തിയ പ്രത്യേക ശുചീകരണ ഉദ്യമത്തിൽ 57 ചാക്കുകളിലധികം മാലിന്യമാണ് ശേഖരിച്ചത്.




