അവധിക്കാലം ആഘോഷിച്ച് തിരികെയെത്തിയ ദമ്പതികൾ തങ്ങളുടെ അപ്പാർട്ട്മെന്റിൽ അപരിചിതയായ ഒരു സ്ത്രീയെ കണ്ട് ഞെട്ടി. ഡോർമാൻ അബദ്ധത്തിൽ താക്കോൽ നൽകിയതിനെത്തുടർന്നാണ് അപരിചിതയായ സ്ത്രീ അപ്പാർട്ട്മെന്റിൽ കടന്നുകൂടിയത്. ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് സിറ്റിയിലുള്ള ആഡംബര അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഈ ദുരനുഭവമുണ്ടായത്. ജൂലൈ 24-ന് യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ദമ്പതികൾക്ക് വീട്ടിൽ ആരോ കയറിയതായി സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്ന് സന്ദേശം ലഭിക്കുകയായിരുന്നു.
തുടർന്ന് ലൈവ് ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അപരിചിതയായ ഒരു സ്ത്രീ വീടിനുള്ളിൽ നടക്കുന്നതും, അവിടെയുള്ള പാനീയങ്ങൾ കുടിക്കുന്നതും, സോഫയിൽ വിശ്രമിക്കുന്നതുമാണ് കണ്ടത്. സുരക്ഷാ ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ അത് ബുക്ക് ഷെൽഫിൽ നിന്ന് മാറ്റി വെക്കുകയും തുടർന്ന് ക്യാമറ ദൃശ്യങ്ങൾ തടസ്സപ്പെടുകയും ചെയ്തു. ഇതുകണ്ട ദമ്പതികൾ പരിഭ്രാന്തരാകുകയും ഉടൻ തന്നെ പോലീസിനെയും സുഹൃത്തുക്കളെയും വിവരമറിയിക്കുകയുമായിരുന്നു.
ദമ്പതികളുടെ സുഹൃത്തുക്കൾ അപ്പാർട്ട്മെന്റിലെത്തി ചോദിച്ചപ്പോൾ സ്ത്രീ അവിടെനിന്ന് ഇറങ്ങിപ്പോയെങ്കിലും മിനിറ്റുകൾക്കകം ഡോർമാൻ നൽകിയ താക്കോൽ ഉപയോഗിച്ച് വീണ്ടും അകത്തുകയറി. പിന്നീട് പോലീസെത്തിയാണ് ഇവരെ ആംബുലൻസിൽ കൊണ്ടുപോയത്. ദമ്പതികളുടെ വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്ന ആളാണെന്ന് തെറ്റിദ്ധരിച്ചാണ് ഫ്രണ്ട് ഡെസ്കിൽ നിന്ന് ഇവർക്ക് അപ്പാർട്ട്മെന്റിന്റെ താക്കോൽ നൽകിയതെന്ന് കെട്ടിട മാനേജ്മെന്റ് വ്യക്തമാക്കി. സംഭവത്തിൽ വീഴ്ചവരുത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
രണ്ടുദിവസത്തിന് ശേഷം ഇതേ സ്ത്രീ വീണ്ടും അപ്പാർട്ട്മെന്റിൽ വന്നെങ്കിലും സുരക്ഷാ ജീവനക്കാർ തടഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റിൽ നിന്ന് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും, സുരക്ഷിതത്വം നഷ്ടപ്പെട്ട തോന്നൽ കാരണം ദമ്പതികൾ ഇപ്പോൾ പുതിയ വീട് മാറാനുള്ള തയാറെടുപ്പിലാണ്.




