Oddly News

“1500 തവണ ഇന്ത്യയിലെത്തി !, സംസാരിക്കുന്നത് ഹിന്ദിയും ഭോജ്പൂരിയും!”: ഇന്ത്യക്കാരെ ഞെട്ടിച്ച് ജർമ്മൻ സ്വദേശി

വിദേശ വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുമ്പോൾ കുറച്ച് ഹിന്ദി വാക്കുകൾ പഠിക്കുന്നത് പതിവാണ്. എന്നാൽ ഒരു ജർമ്മൻ സഞ്ചാരി ഹിന്ദിയും ഭോജ്പുരിയും വളരെ മനോഹരമായി സംസാരിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ശുഭം ജെയ്ൻ എന്നയാൾ പങ്കുവെച്ച വീഡിയോയിലാണ് ഈ അപൂർവ്വ നിമിഷങ്ങൾ ഉള്ളത്.

തന്യ എന്ന യുവതി ജർമ്മൻ സ്വദേശിയായ റെയ്നർ ക്രാക്കോട് അദ്ദേഹത്തിന്റെ ഇന്ത്യയിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. എത്ര തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് “1,500 തവണ” എന്നാണ് അദ്ദേഹം മറുപടി നൽകിയത്. താൻ തമാശ പറയുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ വൈവിധ്യമാർന്ന സസ്യാഹാരങ്ങളാണ് തന്നെ ഇവിടേക്ക് ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭാഷണത്തിനിടെ മറാഠി സംസാരിക്കാൻ അറിയാമോ എന്ന് ചോദിച്ചപ്പോൾ, മറാഠിക്ക് പകരം ഭോജ്പുരി ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്. ഹിന്ദി പുസ്തകങ്ങൾ വായിക്കാറുണ്ടെന്നും ഇന്ത്യയിലെ സംസ്കാരത്തോടും ഭാഷകളോടും വലിയ അടുപ്പമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. “മേരാ ഭാരത് മഹാൻ” എന്ന് അദ്ദേഹം ആവേശത്തോടെ പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.

നിലവിൽ തായ്‌ലാന്റിലെ ബാങ്കോക്കിൽ താമസിക്കുന്ന റെയ്നർ, കോളേജ് പഠനകാലത്താണ് ഇന്ത്യൻ ഭാഷകൾ പഠിച്ചു തുടങ്ങിയത്. അദ്ദേഹം ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കാറുണ്ട്. വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് അദ്ദേഹത്തിന്റെ ഭാഷാപാടവത്തെയും ഇന്ത്യയോടുള്ള സ്നേഹത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്. സാധാരണക്കാരായ പല ഇന്ത്യക്കാരെക്കാളും നന്നായി അദ്ദേഹം ഹിന്ദി സംസാരിക്കുന്നുണ്ടെന്ന് ചിലർ തമാശയായി കുറിച്ചു. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ഈ ആത്മാർത്ഥമായ സ്നേഹം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.