Featured Good News

റോഡിലെ കുഴികളെപ്പറ്റി സ്കൂൾ കുട്ടികളുടെ ‘റിപ്പോർട്ടിംഗ്’; വിഡിയോ വൈറല്‍, റ്റരാത്രികൊണ്ട് റോഡ് പണി തുടങ്ങി!

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്നുള്ള മൂന്ന് സ്കൂൾ വിദ്യാർത്ഥിനികൾ തങ്ങളുടെ സ്കൂളിലേക്കുള്ള റോഡിലെ കുഴികളെക്കുറിച്ച് ഒരു വീഡിയോ ചിത്രീകരിച്ചപ്പോൾ, അതിന് ഇത്രയധികം പ്രതികരണം ലഭിക്കുമെന്ന് അവർ കരുതിയിരുന്നില്ല. കർഷത് താലൂക്കിലെ ഖാണ്ഡ്പെ-കോണ്ടിവഡെ റോഡിന്റെ ദയനീയ അവസ്ഥയെക്കുറിച്ച് ഒരു വിദ്യാർത്ഥിനി പത്രപ്രവർത്തകയായി തന്റെ കൂട്ടുകാരിയോട് ചോദിക്കുന്നതും, മൂന്നാമത്തെ കുട്ടി ഇത് മൊബൈൽ ഫോണിൽ പകർത്തുന്നതുമാണ് വീഡിയോയിലുള്ളത്.

കയ്യിലുള്ള മടക്കക്കുട മൈക്കാക്കി റോഡിന് നടുവിൽ നിന്നുകൊണ്ട്, “റോഡിലാണോ കുഴികൾ, അതോ കുഴികളിലാണോ റോഡ്?” എന്ന് വിദ്യാർത്ഥിനി ചോദിക്കുന്നത് വീഡിയോയിൽ കാണാം. “ക്യാമറാപേഴ്സൺ മാനസി പവാറിനൊപ്പം റിപ്പോർട്ടർ നേഹ ഘാരെ” എന്ന് പറഞ്ഞുകൊണ്ടാണ് ഈ കുട്ടി വീഡിയോ അവസാനിപ്പിക്കുന്നത്.

റോഡിലെ കുഴികളെക്കുറിച്ചുള്ള കുട്ടികളുടെ ഈ വേറിട്ട വീഡിയോ പെട്ടെന്നുതന്നെ വൻ ജനശ്രദ്ധ നേടി. ഇതോടെ താൽക്കാലിക പരിഹാരമായി രാത്രിക്ക് രാത്രി റോഡിലെ കുഴികൾ അടയ്ക്കാൻ പ്രാദേശിക എം.എൽ.എ മഹേന്ദ്ര തോർവെ നടപടിയെടുത്തു. കനത്ത മഴയെത്തുടർന്ന് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതാണെന്നും, മൺസൂൺ കഴിയുന്നതോടെ റോഡ് പൂര്ണ്ണമായും നന്നാക്കി പുതിയതുപോലെയാക്കുമെന്നും ഭരണകക്ഷിയായ ശിവസേനയുടെ നേതാവു കൂടിയായ മഹേന്ദ്ര തോർവെ പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതിന് തൊട്ടുപിന്നാലെ തന്നെ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.