അർജന്റീനയിലെ സാൻലൊറെൻസിന ലീഗിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ടതിന് പിന്നാലെ കളിക്കാരൻ റഫറിയുടെ മുഖത്തടിച്ച സംഭവം ഞെട്ടലുളവാക്കി. ഇടിയുടെ ആഘാതത്തിൽ റഫറി മൈതാനത്ത് നിലത്തുവീണു. സംഭവത്തിന് പിന്നാലെ കളിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ അക്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാപ്പിറ്റൻ ബെർമുഡെസിൽ ബാരിയോ ക്വിന്റയും സാന്റാ കാറ്റലീനയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. റെഡ് കാർഡ് ലഭിച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടതോടെ ബാരിയോ ക്വിന്റയുടെ 35-കാരനായ കളിക്കാരൻ റഫറിയുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടന്ന് കളിക്കാരൻ റഫറിയുടെ നേർക്ക് നടന്നെത്തുകയും അപ്രതീക്ഷിതമായി മുഖത്ത് ശക്തമായി ഇടിക്കുകയുമായിരുന്നു.
ഇടിയിൽ വലത് കവിളെല്ലിന് പരിക്കേറ്റ റഫറിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ മൈതാനത്തിറങ്ങിയ പോലീസ് ഉദ്യോഗസ്ഥർ കളിക്കാരനെ തടഞ്ഞുവെച്ചു. താഴ്ന്ന നിലവാരത്തിലുള്ള പ്രാദേശിക ഫുട്ബോൾ മത്സരങ്ങളിൽ റഫറിമാർ നേരിടുന്ന സുരക്ഷാ ഭീഷണിയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. വീഡിയോ വൈറലായതോടെ കളിക്കാരന്റെ അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. കളിക്കാരനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




