ചൈനയിലെ ഒരു ദമ്പതികളുടെ സ്നേഹവും സമർപ്പണവും നിറഞ്ഞ കഥ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നിരിക്കുകയാണ്. ഈ ഭർത്താവ് കഴിഞ്ഞ 25 വർഷമായി പൂർണ്ണമായി തളർന്നുപോയ തന്റെ ഭാര്യയെ അത്യന്തം സ്നേഹത്തോടെയും കരുതലോടെയും പരിചരിച്ചു വരികയാണ്.
ഹെനാൻ പ്രവിശ്യയിലെ പിംഗ്ഡിങ്ഷാനിലാണ് ഇരുവരും താമസിക്കുന്നത്. 2001-ൽ 36-കാരിയായ ജിയാ ഫാംഗിന് മലഞ്ചെരുവിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഇതോടെ നെഞ്ചിന് താഴേക്ക് പൂർണ്ണമായും തളർന്നുപോയി. അന്നുമുതൽ ജിയായുടെ ഭർത്താവായ ലി ജുൻലിയാങ് ആണ് ഭാര്യയുടെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നത്. അപകടസമയത്ത് 10-ഉം 13-ഉം വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സ്വന്തം മക്കളെ വളർത്തുന്നതിനൊപ്പം ഭാര്യയെ പരിചരിക്കാനും ലി സമയം കണ്ടെത്തി.
തനിയെ ഒന്നും ചെയ്യാൻ കഴിയാത്ത ജിയായുടെ എല്ലാ കാര്യങ്ങളും ലി തന്നെ നേരിട്ടാണ് ചെയ്യുന്നത്. ശരീരത്തിൽ കിടപ്പു വ്രണങ്ങൾ വരാതിരിക്കാൻ ആദ്യവർഷങ്ങളിൽ രണ്ട് മണിക്കൂർ കൂടുമ്പോഴും പിന്നീട് നാല് മണിക്കൂർ കൂടുമ്പോഴും അദ്ദേഹം ഭാര്യയെ ചരിപ്പിച്ചു കിടത്തുമായിരുന്നു. അതിനാൽ കഴിഞ്ഞ ഇരുപത് വർഷമായി ഒരു രാത്രിയിൽ പോലും അദ്ദേഹത്തിന് മുഴുവനായി ഉറങ്ങാൻ സാധിച്ചിട്ടില്ല. അദ്ദേഹം ഭാര്യയെ വീൽചെയറിലിരുത്തി പുറത്തെ വെയിലും ശുദ്ധവായുവും കൊള്ളിക്കാൻ കൊണ്ടുപോകാറുണ്ട്. കൂടാതെ പേശികൾ തളർന്നുപോകാതിരിക്കാൻ സ്ഥിരമായി തരുമ്മുകയും ചെയ്യുന്നു.
കുടുംബം പുലർത്താൻ അദ്ദേഹം എന്താണ് ജോലി ചെയ്യുന്നതെന്ന് വ്യക്തമല്ല. എന്നാൽ ഇവരുടെ മക്കൾ വളർന്നു വലുതായി സ്വന്തം കുടുംബങ്ങളായിക്കഴിഞ്ഞു. മക്കളുടെ പഠനകാലത്തെ സർട്ടിഫിക്കറ്റുകൾ വീടിന്റെ ചുവരുകളിൽ തൂക്കിയിട്ടിരിക്കുന്നത് കാണാം. ഇത് അവർക്ക് ലഭിച്ച നല്ല വളർത്തലിന്റെ തെളിവാണ്.
“എന്റെ ഭർത്താവ് കുടുംബത്തിന് വേണ്ടി വിശ്രമമില്ലാതെ അദ്ധ്വാനിക്കുന്നു. അദ്ദേഹത്തിന്റെ മുടിയെല്ലാം നരച്ചു, എന്നാൽ എന്റെ മുടി ഇപ്പോഴും കറുത്തുതന്നെയിരിക്കുന്നു,” ജിയ മാധ്യമങ്ങളോട് പറഞ്ഞു. “25 വർഷമായി എന്നെ പരിചരിക്കുന്നതിന് വളരെ നന്ദി,” ജിയ നന്ദിയോടെ കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയായി ലി പറഞ്ഞത് ഇങ്ങനെയാണ്: “നീ എന്റെ ഭാര്യയാണ്. നമ്മുടെ മക്കൾക്ക് ജന്മം നൽകി കുടുംബത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തവളാണ്. എത്ര ബുദ്ധിമുട്ടുകൾ വന്നാലും എത്ര ക്ഷീണമുണ്ടായാലും ഇനിയും 25-ഓ 35-ഓ 45-ഓ വർഷം ഞാൻ നിന്നെ പരിചരിക്കും.” വിവാഹദിവസം നൽകിയ വാഗ്ദാനമാണ് താൻ പാലിക്കുന്നതെന്നും, നീ കൂടെയുണ്ടെങ്കിൽ മാത്രമേ നമ്മുടെ വീട് പൂർണ്ണമാകൂ എന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞു. “ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീ ഞാനാണെന്ന് കരുതുന്നു, എനിക്ക് അനുയോജ്യനായ ഭർത്താവിനെത്തന്നെയാണ് ലഭിച്ചത്,” ജിയ പറഞ്ഞു.
ലി കാണിക്കുന്ന ഈ വലിയ സ്നേഹത്തെയും അർപ്പണബോധത്തെയും അയൽവാസികളും സോഷ്യൽ മീഡിയയിലെ ആളുകളും ഒരേപോലെ പ്രശംസിക്കുകയാണ്. ഇത്രയും കാലം ഒരു രോഗിയെ പരിചരിക്കുക എന്നത് എളുപ്പമല്ലെന്നും, വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്ന ലി ശരിക്കും പ്രശംസ അർഹിക്കുന്ന ഒരു വ്യക്തിയാണെന്നും അവർ അഭിപ്രായപ്പെട്ടു.




