ബംഗാളിലെ മുർഷിദാബാദ് ബെൽദംഗയിൽ, കരയിലേക്ക് കയറാൻ കൂട്ടാക്കാതെ ഒരു കുളത്തിൽത്തന്നെ ദിവസങ്ങൾ തള്ളിനീക്കുകയാണ് ഇഖ്‌ബാൽ എന്ന പതിനാറുകാരൻ. വെള്ളത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ തന്നിൽ അമാനുഷിക ശക്തികൾ പ്രവേശിക്കുന്നതായി തോന്നുന്നതാണ് ഇതിന് കാരണമെന്ന് കുട്ടി പറയുന്നു. കഴിഞ്ഞ ഒരു മാസമായി ഇയാൾ കുളത്തിലാണെന്ന് വാർത്തകൾ പറയുമ്പോഴും, കഴിഞ്ഞ അഞ്ച് വർഷമായി കുട്ടി ഇത്തരത്തിൽ വെള്ളത്തിലാണ് കഴിയുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്.
വിവിധ കുളങ്ങളിലായി സമയം ചെലവഴിക്കുന്ന ഈ കൗമാരക്കാരനെ കുടുംബം മുൻപ് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചെങ്കിലും പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ, ദീർഘനേരം വെള്ളത്തിൽത്തന്നെ കഴിയുന്നത് ഗുരുതരമായ അണുബാധകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
വെള്ളത്തിൽ കിടന്നുകൊണ്ട് തന്നെയാണ് ഇയാൾ ഭക്ഷണവും കഴിക്കുന്നത്. സംഭവമറിഞ്ഞ് കുട്ടി കാണാൻ എത്തുന്ന നാട്ടുകാർ ഇയാൾക്കായി വെള്ളത്തിലേക്ക് ഭക്ഷണം നൽകുന്നുണ്ട്. അതേസമയം, ഇത്രയും നേരം വെള്ളത്തിൽത്തന്നെ തുടരുന്നത് കുട്ടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന ആകുലതയിലാണ് പ്രദേശവാസികൾ.




