Oddly News

സമോസ കഴിച്ചയാൾ ഞെട്ടി! ഉള്ളിൽ ചത്ത പാറ്റ; വേണമെങ്കിൽ വീഡിയോ എടുത്തോളൂ എന്നു കടയുടമ! വിഡിയോ

മധ്യപ്രദേശിലെ ഇൻഡോറിൽ കടയിൽ നിന്ന് വാങ്ങിയ സമോസയ്ക്കുള്ളിൽ ചത്ത പാറ്റയെ കണ്ടെത്തി. തുടർന്ന് ഉപഭോക്താവ് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും ഫുഡ് സേഫ്റ്റി അഡ്മിനിസ്ട്രേഷനിലും പരാതി നൽകി.

തിങ്കളാഴ്ച ചിക്മംഗ്ലൂർ സ്ക്വയറിലെ ശ്രമ ശിബിരത്തിന് സമീപമാണ് സംഭവം നടന്നത്. ഇൻഡോർ സ്വദേശിയായ പിയൂഷ് മൗര്യ മഴ പെയ്തപ്പോൾ അവിടുത്തെ രത്‌ലാം നംകീൻ എന്ന കടയിൽ കയറി സമോസ വാങ്ങുകയായിരുന്നു. സമോസ തിന്നുന്നതിനിടയിലാണ് അതിനുള്ളിൽ ചത്ത പാറ്റയെ കണ്ടത്.

മൗര്യ ഉടൻതന്നെ ഇതിന്റെ വീഡിയോ പകരർത്തുകയും കടയുടമയെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ പാറ്റ അബദ്ധത്തിൽ കയറിയതാകാമെന്നും വേണമെങ്കിൽ വീഡിയോ എടുത്തോളൂ എന്നുമായിരുന്നു കടയുടമയുടെ മറുപടി. അബദ്ധങ്ങൾ സംഭവിക്കാറുണ്ടെന്നും ഇത് മനപ്പൂർവ്വം ചെയ്തതല്ലെന്നും കടയുടമ പറഞ്ഞതായി മൗര്യ വ്യക്തമാക്കി. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് മൗര്യ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകാൻ തീരുമാനിച്ചത്.

ഭക്ഷ്യസാധനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായ മഴക്കാലത്ത് കടയിലെ ശുചിത്വത്തെക്കുറിച്ചും ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്ന രീതിയെക്കുറിച്ചും ഈ സംഭവം ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തുകയും കടയ്ക്ക് നോട്ടീസ് അയക്കുമെന്ന് അറിയിക്കുകയും ചെയ്തു. കടയിലുണ്ടായിരുന്ന സമോസ, ചട്ണി, വെള്ളം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.