Spotlight

‘രേണുകസ്വാമിയുടെ അടിവസ്ത്രം അഴിച്ച്മാറ്റി, സ്വകാര്യഭാഗത്ത് ആഞ്ഞുചവിട്ടി’; ദർശന്റെ ക്രൂരത വിവരിച്ച് സഹായിയുടെ മൊഴി!

രേണുകസ്വാമി വധക്കേസില്‍ കന്നഡ നടന്‍ ദര്‍ശനെതിരെ കേസിലെ പതിനാലാം പ്രതിയും സഹായിയുമായ പ്രദോഷിന്റെ ഞെട്ടിക്കുന്ന മൊഴി വിവരങ്ങൾ പുറത്തുവന്നു. തനിക്ക് കോടതിയിൽ മാപ്പുസാക്ഷിയാകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രദോഷ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ദർശൻ നടത്തിയ കൊലപാതകത്തിന്റെയും അതിനുശേഷമുള്ള തെളിവ് നശിപ്പിക്കൽ ശ്രമങ്ങളുടെയും വിവരങ്ങളാണ് ഈ മൊഴിയിലുള്ളത്.

നടിയും കാമുകിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിലുള്ള വിരോധമാണ് ആരാധകനായ രേണുകസ്വാമിയുടെ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ ഏറെ നിർണായകമാകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രേണുകസ്വാമിയെ ദർശൻ ക്രൂരമായി മർദ്ദിച്ചുവെന്നും, തലയിൽ നിന്ന് രക്തം ഒഴുകിയപ്പോൾ പവിത്ര ഗൗഡയോട് ചെരുപ്പൂരി അടിക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രദോഷ് വ്യക്തമാക്കുന്നു.

അടിവസ്ത്രമടക്കം അഴിപ്പിച്ചു മാറ്റിയ ശേഷം നന്ദീഷ്, പവൻ, നാഗരാജ് എന്നീ പ്രതികൾ മരത്തടികളും നൈലോൺ കയറും ഉപയോഗിച്ച് ഇയാളെ മർദ്ദിച്ചു. വാഹനത്തിനുള്ളിലിട്ട് തൂക്കിക്കൊല്ലാനും ശ്രമം നടന്നു. നൈലോൺ കയർ കൊണ്ട് ദർശൻ പലതവണ പുറത്തും കൈകളിലും അടിക്കുകയും സ്വകാര്യഭാഗങ്ങളിൽ തുടർച്ചയായി ചവിട്ടുകയും ചെയ്തു. ഒടുവിൽ രേണുകസ്വാമി കുഴഞ്ഞുവീണപ്പോൾ ദർശൻ ഇയാളുടെ നെഞ്ചിൽ കയറി അമർന്നു നിൽക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.

കൊലപാതകത്തിന് ശേഷം സാമ്പത്തിക തർക്കമാണ് മരണകാരണമെന്ന് വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ദർശൻ മറ്റു പ്രതികൾക്ക് ലക്ഷങ്ങൾ നൽകി. തുടർന്ന് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളിക്കടുത്ത് ഡ്രെയിനേജിൽ ഉപേക്ഷിക്കുകയായിരുന്നു. ദർശനിൽ നിന്നും കൂട്ടുപ്രതികളിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുള്ളതിനാൽ പ്രത്യേക സംരക്ഷണം വേണമെന്നും പ്രദോഷ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷകളിൽ വാദം പൂർത്തിയാക്കിയ 59-ാം സെഷൻസ് കോടതി ഹർജി വിധി പറയാനായി മാറ്റി.