Featured Sports

അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ്, സിറാജിന്റെ ഹാട്രിക് സിക്സർ മഴ; ഇന്ത്യയ്ക്ക് നാടകീയ ജയം- വീഡിയോ

കൊളംബോ: ശ്രീലങ്ക ക്രിക്കറ്റ്‌ ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റിന്റെ ആവേശകരമായ ജയം. സ്‌കോര്‍: ശ്രീലങ്ക ക്രിക്കറ്റ്‌ ഇലവന്‍ ഒന്നാം ഇന്നിങ്‌സ് എട്ടിന്‌ 363 (ഡിക്ലയേഡ്‌), രണ്ടാം ഇന്നിങ്‌സ് ആറിന്‌ 200 (ഡിക്ലയേഡ്‌). ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ആറിന്‌ 357 (ഡിക്ലയേഡ്‌), രണ്ടാം ഇന്നിങ്‌സ് നാലിന്‌ 214.

അർധസെഞ്ചറി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാളും (46 പന്തിൽ 61) ശുഭ്മൻ ഗില്ലും (54 പന്തിൽ 44) അവസാന നിമിഷങ്ങളിൽ ആഞ്ഞടിച്ച പേസർ മുഹമ്മദ് സിറാജുമാണ് (15 പന്തിൽ 32*) ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഒന്നാം ഇന്നിങ്സിൽ ആറു റൺസ് ലീഡ് നേടിയ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 45 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. സന്നാഹ മത്സരമായതിനാൽ ഇരു ടീമുകൾക്കും ഒന്നാം ഇന്നിങ്സിൽ 90 ഓവറും രണ്ടാം ഇന്നിങ്സിൽ 45 ഓവറുമാണ് ബാറ്റിങ്ങിനായി നൽകിയിരുന്നത്.

രണ്ടാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് യശസ്വി ജയ്‌സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഇന്നിങ്സിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായതിന്റെ നിരാശ ജയ്‌സ്വാളും പരുക്കുമൂലം ബാറ്റ് ചെയ്യാൻ കഴിയാതിരുന്നതിന്റെ വിഷമം ഗില്ലും ലങ്കൻ ബോളർമാരെ നേരിട്ട് തീർക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഏകദിന മത്സരങ്ങളുടെ വേഗതയിലായിരുന്നു ജയ്സ്വാളിന്റെ മുന്നേറ്റം. രണ്ട് സിക്സറുകളും ഒൻപത് ഫോറുകളുമടക്കം 61 റൺസെടുത്ത താരം പിന്നീട് റിട്ടയർ ഹർട്ട് ചെയ്തു. ഗിൽ ഏഴു ഫോറുകൾ നേടി 54 പന്തിൽ 44 റൺസെടുത്തു. എന്നാൽ ജയ്സ്വാളിനു പിന്നാലെ മൂന്നാമനായി എത്തിയ ഋഷഭ് പന്തിന്റെ (68 പന്തിൽ 22) മെല്ലെപ്പോക്ക് ഇന്ത്യൻ വിജയത്തെ അല്പം വൈകിപ്പിച്ചു. മധ്യഓവറുകളിൽ റൺനിരക്ക് കുറഞ്ഞു. ഗില്ലിന് ശേഷം എത്തിയ ധ്രുവ് ജുറേലിനും (20 പന്തിൽ 17) കാര്യമായി തിളങ്ങാനായില്ല.

രവീന്ദ്ര ജഡേജ (32 പന്തിൽ 22) റൺസെടുത്ത് റിട്ടയർ ഹർട്ടായപ്പോൾ ആദ്യ ഇന്നിങ്സിൽ തിളങ്ങിയ ഗുർനൂർ ബ്രാർ (5 പന്തിൽ 2) ഇത്തവണ പെട്ടെന്ന് പുറത്തായി. എന്നാൽ പിന്നീട് എത്തിയ സിറാജ് തകർപ്പൻ പ്രകടനത്തിലൂടെ ടീമിനെ ജയത്തിലേക്ക് നയിച്ചു. 43–ാം ഓവറിൽ ക്രീസിലെത്തിയ സിറാജ് 15 പന്തിൽ നാല് സിക്സറും ഒരു ഫോറുമടക്കം 32 റൺസ് നേടി. അവസാന ഓവറിൽ 16 റൺസ് വേണമെന്നിരിക്കെ ആദ്യ മൂന്നു പന്തുകളും സിക്സറടിച്ച് സിറാജ് മത്സരം ജയിപ്പിച്ചു. ഇതിനു ശേഷമുള്ള മൂന്നു പന്തുകളിൽ ഒരു ഫോറടക്കം അഞ്ച് റൺസ് കൂടി ഇന്ത്യ നേടി.

മൂന്നാം ദിനത്തിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ശ്രീലങ്കയ്ക്ക് അർധസെ‍ഞ്ചറി നേടിയ ഓപ്പണർ നിഷാൻ മദുഷ്ക (73 പന്തിൽ 63), നിപുൻ ധനഞ്ജയ (56 പന്തിൽ 46), അഞ്ജല ബണ്ഡാര (48 പന്തിൽ 35) എന്നിവരാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ഗുർനൂർ ബ്രാറും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ദേവ്ദത്ത് പടിക്കലിന്റെയും (142*) രവീന്ദ്ര ജഡേജയുടെയും (63) ബാറ്റിങ്ങാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചത്. ഇന്ത്യ 6ന് 357 എന്ന നിലയിൽ നിൽക്കെ ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ലങ്ക 8ന് 363 റൺസ് നേടിയിരുന്നു.

രണ്ടാം ദിനം ബാറ്റിങ്ങിന് അനുയോജ്യമായിരുന്നെങ്കിലും ഇന്ത്യ തുടക്കത്തിൽ പതറി. യശസ്വി ജയ്സ്വാളിനെ (0) തുടക്കത്തിലേ നഷ്ടമായെങ്കിലും കെ.എൽ.രാഹുലിനൊപ്പം (40) 96 റൺസും ജഡേജയ്ക്കൊപ്പം 72 റൺസും കൂട്ടിച്ചേർത്ത് ദേവ്ദത്ത് ടീമിനെ കരകയറ്റി. തുടർന്ന് ബാറ്റിങ് അവസാനിപ്പിച്ച് മടങ്ങിയ ദേവ്ദത്തിനു പകരം എത്തിയ ഋഷഭ് പന്ത് രണ്ടും ധ്രുവ് ജുറേൽ ഒന്നും റൺസെടുത്ത് പുറത്തായതോടെ ഇന്ത്യ 4ന് 174 എന്ന നിലയിലായി. അഞ്ചാം വിക്കറ്റിൽ മാനവ് സുതാറിനൊപ്പം (41) 76 റൺസ് ചേർത്ത് ജഡേജ പ്രതീക്ഷ നൽകിയെങ്കിലും ജഡേജ മടങ്ങിയതോടെ വീണ്ടും തകർച്ചയായി. 6ന് 257 എന്ന നിലയിൽ ദേവ്ദത്ത് വീണ്ടും ബാറ്റിങ്ങിനിറങ്ങി സാരാംശ് ജയിനിനൊപ്പം (22) 49 റൺസും ഗുർനൂർ ബ്രാറിനൊപ്പം (36) 51 റൺസും നേടി സ്കോർ 350 കടത്തി. 164 പന്തിൽ 18 ഫോറുകളോടെയാണ് ദേവ്ദത്ത് 142 റൺസെടുത്തത്.