Myth and Reality

‘ദർശനം തന്ന് അപ്രത്യക്ഷമാകുന്ന ആട്!’; ജോഗ്നി മാതാ ക്ഷേത്രത്തിലെ അത്ഭുതം, അമ്പരപ്പോടെ വിശ്വാസികൾ

ഝീരിയിലെ ജോഗ്നി മാതാ ക്ഷേത്രത്തിലെ ഒരു ആട് ഇപ്പോൾ പ്രദേശവാസികൾക്കും ഭക്തർക്കും ഇടയിൽ വലിയൊരു അത്ഭുതമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഈ ആടിനെ ക്ഷേത്രപരിസരത്ത് തുടർച്ചയായി കാണുന്നുണ്ടെന്നാണ് നാട്ടുകാരും കുട്ടികളും പറയുന്നത്.

വൈകുന്നേരം 7 മണിയോടെ ക്ഷേത്രത്തിന് സമീപമെത്തുന്ന ആട് രാത്രി മുഴുവൻ അവിടെത്തന്നെ തുടരുകയും, രാവിലെ 5 മണിയോടെ തിരികെ പോവുകയും ചെയ്യുന്നതായി പ്രദേശവാസികൾ പറയുന്നു. ഈ സമയമത്രയും ആട് ക്ഷേത്രത്തിന് ചുറ്റും വലംവെച്ചുകൊണ്ടിരിക്കാറുമുണ്ട്.

ഈ ആടിന്റെ ഭക്ഷണരീതിയെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. രാത്രികാലങ്ങളിൽ പുറത്തുപോയി പുല്ലും തീറ്റയും തിന്ന ശേഷമാണ് ആട് മടങ്ങിയെത്തുന്നതെന്ന് ചിലർ പറയുമ്പോൾ, ഈ ആട് തീരെ പുല്ല് തിന്നാറില്ലെന്നാണ് മറ്റു ചിലരുടെ വാദം. ഇത്തരം പരസ്പരവിരുദ്ധമായ വാദങ്ങൾ ആടിനെക്കുറിച്ചുള്ള ദുരൂഹത വർദ്ധിപ്പിക്കുന്നു.

എന്നാൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം മറ്റൊരു അവകാശവാദമാണ്. റോഡിലൂടെ പോകുന്ന ആളുകൾ ആടിനെ വ്യക്തമായി കാണാറുണ്ടെന്നും, ചിലർ അതിനെ പിടിച്ചുകൊണ്ടുപോകാൻ അടുത്തേക്ക് ചെന്നപ്പോൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ആട് അവിടെനിന്ന് അപ്രത്യക്ഷമായെന്നുമാണ് നാട്ടുകാർ പറയുന്നത്.

ഇതൊരു ദിവ്യാത്ഭുതമാണെന്ന് വിശ്വസിക്കുന്ന ഭക്തർ ആടിന്റെ ഈ വിചിത്രമായ പെരുമാറ്റം കാണാനായി ദിവസവും ക്ഷേത്രപരിസരത്ത് തടിച്ചുകൂടുകയാണ്.