Featured Spotlight

‘അതൊക്കെ വെറും നുണക്കഥ! മുജ്തബ ഖമനയി പൂർണ ആരോഗ്യവാൻ; വിഡിയോ പുറത്തുവിട്ട് ഇറാന്‍

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാർത്തകൾ ഇറാൻ തള്ളി. മുജ്തബ പൂർണ ആരോഗ്യവാനായി കാണപ്പെടുന്ന വീഡിയോ ഇറാൻ വാർത്താ ഏജൻസിയായ മെഹ്ര്‍ പുറത്തുവിട്ടു. എന്നാല ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. ഫെബ്രുവരി 28-ലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവരുന്നത്.

ചുറ്റുമുള്ള ആളുകൾക്ക് നടുവിൽ മുജ്തബ ഇരിക്കുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സംസാരത്തിനിടയിൽ ഒരു കൈ ചലിപ്പിക്കുന്നതും മുഖത്ത് തൊടുന്നതും കാണാം. അതേസമയം, ഒരു കാൽ പകുതി മറച്ച നിലയിലാണ് വീഡിയോയിൽ കാണുന്നത്. മുഖത്തോ ശരീരഭാഷയിലോ ആരോഗ്യപ്രശ്നങ്ങളൊന്നും പ്രകടമല്ലെന്നും വളരെ ഊർജസ്വലനായാണ് അദ്ദേഹത്തെ കാണപ്പെടുന്നതെന്നും വാർത്തയിൽ പറയുന്നു.

മുജ്തബയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹം ആശുപത്രിയിലാണെന്നും കഴിഞ്ഞ ദിവസം ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ പരമോന്നത നേതൃപദവി ഉടൻ ശൂന്യമാകുമെന്നും നേതാവില്ലാതെ ഇറാൻ പ്രതിസന്ധിയിലാണെന്നുമായിരുന്നു ആ റിപ്പോർട്ടുകൾ. മുജ്തബയുടെ മരണവാർത്ത കേട്ടാൽ അത്ഭുതപ്പെടാനില്ലെന്ന് ഇറാനിൽ നിന്നുള്ള ഉന്നതൻ ജെറുസലേം പോസ്റ്റിനോട് വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത്തരം വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഏജൻസി വഴി ഇറാൻ വീഡിയോ പുറത്തുവിട്ടത്.

ആയത്തുല്ല ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ പോലും മുജ്തബ പങ്കെടുത്തിരുന്നില്ല. സുരക്ഷാകാരണങ്ങളാലാണോ അതോ ആരോഗ്യസ്ഥിതി മോശമായതിനാലാണോ ഇതെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഫെബ്രുവരി 28-നുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കാഴ്ച നഷ്ടപ്പെട്ടുവെന്നും മുഖത്തിന് കേടുപാടുകൾ സംഭവിച്ചുവെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടായി. മുജ്തബയ്ക്ക് സാരമായ പരുക്കേറ്റിരുന്നുവെന്നും ചികിൽസയിലാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു.

അതേസമയം, സമാധാന കരാറിലെത്താൻ ഇതാണ് ഏറ്റവും നല്ല സമയമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ പ്രതികരിച്ചു. അമേരിക്കയും ഇസ്രയേലും നടത്തിയ യുദ്ധത്തിൽ ഇറാനാണ് വിജയിച്ചതെന്നും രാജ്യം കൂടുതൽ കരുത്തരായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനി സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ ഒമാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും യുദ്ധമോ സമാധാനമോ അല്ലാത്ത ഈ അവസ്ഥയിൽ നിന്ന് ഉടൻ പുറത്തുകടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.