Spotlight

കിം ജോങ് ഉൻ എവിടെ? രണ്ടു മാസമായി കാണാനില്ല; കടുത്ത ആരോഗ്യപ്രശ്നങ്ങളോ? അഭ്യൂഹങ്ങൾ ശക്തം!

പ്യോങ്യാങ് ∙ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ എവിടെയെന്ന ചോദ്യമാണ് ഇപ്പോൾ ലോകമെമ്പാടും ഉയരുന്നത്. കഴിഞ്ഞ രണ്ടു മാസമായി കിം പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവരാത്തതാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ഇതോടെ 42 കാരനായ കിം കടുത്ത അസുഖബാധിതനായി ചികിത്സയിലാണെന്ന വാർത്തകൾ പരക്കുകയാണ്. ജൂൺ 9-ന് പ്യോങ്യാങ്ങിൽ ചൈനീസ് പ്രതിനിധികളെ സ്വീകരിച്ച ചടങ്ങിലാണ് ഇയാളെ അവസാനമായി കാണപ്പെട്ടത്.

കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 73-ാം വാർഷികാഘോഷങ്ങളിൽ കിമ്മിന്റെ അഭാവം പ്രകടമായതോടെയാണ് മാധ്യമങ്ങൾ വിഷയം ശ്രദ്ധിക്കാൻ തുടങ്ങിയത്. മുൻവർഷങ്ങളിൽ വാർഷികാഘോഷ വേളകളിൽ സൈനിക ശക്തി വിളിച്ചോതുന്ന ചടങ്ങുകളിൽ പങ്കെടുക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്ന പതിവ് കിമ്മിനുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ടു മാസമായി രാജ്യത്തെ പ്രധാന ചടങ്ങുകളിലെല്ലാം മുതിർന്ന ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. സൈനിക പ്രസ്താവനകളിൽ പോലുമില്ല. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ഉത്തരകൊറിയ ഇറക്കിയ പ്രസ്താവനയിലും കിമ്മിന്റെ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. കൂടാതെ ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ യോഗങ്ങൾ നടക്കാത്തതും സംശയത്തിന് ആക്കം കൂട്ടുന്നു.

നിലവിൽ കൊറിയയിൽ കടുത്ത വേനലാണ് അനുഭവപ്പെടുന്നത്. താപനില 37 ഡിഗ്രി വരെ ഉയർന്ന പശ്ചാത്തലത്തിൽ, ആരോഗ്യനില വഷളാകാതിരിക്കാൻ ഡോക്ടർമാർ കിമ്മിന് വിശ്രമം നിർദേശിച്ചതാണോ അതോ മറ്റെന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നതിനെച്ചൊല്ലി പലവിധ ചർച്ചകൾ തുടരുകയാണ്.