നനഞ്ഞ മുടിയോടെ ഉറങ്ങുന്നത് ജലദോഷത്തിനോ പനിക്കോ മറ്റ് അസുഖങ്ങൾക്കോ കാരണമാകുമെന്നത് തലമുറകളായി കേട്ടുപോരുന്ന ഒരു ധാരണയാണ്. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ലെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ജലദോഷം, ഫ്ലൂ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നത് വൈറസുകൾ മൂലമാണ്, അല്ലാതെ മുടി നനഞ്ഞിരിക്കുന്നതുകൊണ്ടല്ല. എങ്കിലും, ഈ ശീലം മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന് അത്ര നല്ലതല്ല.
നനഞ്ഞ മുടിയോടെ കിടന്നുറങ്ങുമ്പോൾ തലയോട്ടിയിൽ ഈർപ്പവും ചൂടും നിലനിൽക്കുന്നു. ഇത് ഫംഗസ്, ബാക്ടീരിയ എന്നിവയുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നു. താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ, അലർജി എന്നിവയുള്ളവർക്ക് ഇത് ലക്ഷണങ്ങൾ കൂട്ടാൻ കാരണമാകും.
മാത്രമല്ല, മുടി നനഞ്ഞിരിക്കുമ്പോൾ വളരെ ബലഹീനമായിരിക്കും. ഉറക്കത്തിൽ തലയിണയുമായി മുടി ഉരസുമ്പോൾ മുടിയിഴകൾ പൊട്ടിപ്പോകാനും, അറ്റം പിളരാനും, മുടി കെട്ടുപിണഞ്ഞ് കേടുവരാനും സാധ്യത കൂടുതലാണ്. അതുപോലെ, മുടിയിലെ ഈർപ്പം തലയിണയിലേക്ക് പടരുന്നത് തലയിണയിൽ പൊടിപടലങ്ങളും അണുക്കളും വളരാൻ ഇടയാക്കും. ചില ആളുകളിൽ തണുത്ത ഈർപ്പം തലവേദനയോ കഴുത്തുവേദനയോ പോലുള്ള അസ്വസ്ഥതകളും ഉണ്ടാക്കിയേക്കാം.
അതുകൊണ്ട്, ഉറങ്ങാൻ പോകുന്നതിന് മുൻപ് മുടി നന്നായി ഉണക്കുന്നത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഡ്രയർ ഉപയോഗിച്ചോ തോർത്ത് ഉപയോഗിച്ചോ ഈർപ്പം മാറ്റിയ ശേഷം മാത്രം ഉറങ്ങാൻ ശ്രദ്ധിക്കുക.




