മിക്ക ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട പാനീയം ഇപ്പോഴും ചായ തന്നെയാണെങ്കിലും, യുവാക്കൾക്കിടയിൽ കാപ്പിക്ക് വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രീമിയം കഫേകളിൽ ഒരു കപ്പ് കാപ്പിക്ക് 300 മുതൽ 400 രൂപ വരെ വിലയുള്ളപ്പോൾ, വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും അനുയോജ്യമായ കുറഞ്ഞ ചിലവിൽ മികച്ച കാപ്പി ലഭ്യമാക്കുക എന്ന ആശയം ഡൽഹിയിലെ സംരംഭകരായ വൈഭവ് അറോറയും വൻഷ് മോറും തിരിച്ചറിഞ്ഞു.
2023 ജൂൺ 11-ന് 3 ലക്ഷം രൂപ നിക്ഷേപത്തിൽ ഡൽഹിയിലെ രോഹിണിയിൽ ‘കോഫി കാഫി’ (Kofi Kafi) എന്ന പേരിൽ വഴിയോര കാപ്പി വണ്ടി ഇരുവരും ചേർന്ന് ആരംഭിച്ചു. വലിയ കൊമേഴ്സ്യൽ എസ്പ്രസ്സോ മെഷീനുകൾ വാങ്ങാൻ പണമില്ലാതിരുന്നതിനാൽ, വില കുറച്ചു നിലനിർത്താൻ പരമ്പരാഗത മെഷീനുകളും പ്രീമിയം ഇൻസ്റ്റന്റ് കാപ്പിയുമാണ് അവർ ഉപയോഗിച്ചത്. 50 മുതൽ 85 രൂപ വരെയായിരുന്നു തുടക്കത്തിൽ ഒരു കപ്പ് കാപ്പിയുടെ വില.
തങ്ങളുടെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഈ ബിസിനസ്സ് ആശയം ജനിക്കുന്നത്. കഫേകളിലെ പതിവ് സന്ദർശകരായിരുന്ന ഇരുവരും, ദിവസവും നൂറുകണക്കിന് രൂപ കാപ്പിക്കായി ചിലവാക്കുന്നത് ലാഭകരമല്ലെന്ന് തിരിച്ചറിഞ്ഞു. “രണ്ട് യുവ സംരംഭകർ എന്ന നിലയിൽ ദിവസവും 300-400 രൂപ കാപ്പിക്കായി ചിലവഴിക്കുന്നത് പ്രായോഗികമായിരുന്നില്ല. എങ്കിലും ഇന്നത്തെ തലമുറയ്ക്ക് കുറഞ്ഞ വിലയിൽ കാപ്പി വേണമായിരുന്നു. എന്നാൽ നിലവിലുള്ള ബ്രാൻഡുകൾ അത് വളരെ ചെലവേറിയതാക്കി മാറ്റി. ഈ വിടവാണ് കോഫി കാഫിയുടെ അടിത്തറ,” വൈഭവ് പറഞ്ഞു.
എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ മികച്ച കാപ്പി എത്തിക്കുക, ചായ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ സ്വാഭാവികമായി കാപ്പിയും തിരഞ്ഞെടുക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പൂർത്തിയാക്കിയ വൈഭവ്, വൻഷ് മോറുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം ഉപേക്ഷിച്ച വൻഷ്, നിലവിൽ കോഫി കാഫിയുടെ ബ്രാൻഡിംഗും മാർക്കറ്റിംഗും നയിക്കുന്നു.
ഈ സംരംഭത്തിന് ലഭിച്ച പ്രതികരണം പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. ആദ്യ മാസത്തിൽ തന്നെ 3 മുതൽ 3.5 ലക്ഷം രൂപ വരെ വിൽപ്പന നേടാൻ സാധിച്ചതോടെ, തുടക്കത്തിൽ നടത്തിയ നിക്ഷേപം മുഴുവൻ തിരിച്ചുപിടിക്കാൻ ഇവർക്കായി.
തുടർന്ന് 2023 നവംബറിൽ, ഡൽഹിയിലെ കമലാ നഗറിൽ കോഫി കാഫി തങ്ങളുടെ ആദ്യത്തെ സ്ഥിരം ഔട്ട്ലെറ്റ് തുറന്നു. ഫ്രഷ് കാപ്പിപ്പൊടി ഉപയോഗിച്ച് നിർമ്മിക്കുന്ന കാപ്പി നൽകുന്നതിനായി ഏകദേശം 2 ലക്ഷം രൂപ ചെലവഴിച്ച് ഇവർ സെമി-ഓട്ടോമാറ്റിക് എസ്പ്രസ്സോ മെഷീനുകളും സ്ഥാപിച്ചു.
വലിയ കഫേകൾ തുറക്കുന്നതിന് പകരം, 150 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചെറിയ ഔട്ട്ലെറ്റുകൾ വഴി ‘ഗ്രാബ് ആന്റ് ഗോ’ (വാങ്ങി പെട്ടെന്ന് പോകാൻ സാധിക്കുന്ന) രീതിയാണ് ഇവർ സ്വീകരിച്ചത്. ഇത് വാടക ചിലവ് കുറയ്ക്കാനും കാപ്പിയുടെ വില കുറഞ്ഞ നിരക്കിൽ നിലനിർത്താനും സഹായിച്ചു. നിലവിൽ 50 മുതൽ 160 രൂപ വരെയാണ് ഇവിടെ കാപ്പിയുടെ വില.
ഇന്ന് ഡൽഹിയിലുടനീളം റോഹിണി, വിശ്വവിദ്യാലയ മെട്രോ സ്റ്റേഷൻ, റാം ലാൽ ആനന്ദ് കോളേജ് ക്യാമ്പസ്, വസന്ത് വിഹാർ എന്നിവിടങ്ങളിലായി കമ്പനിക്ക് അഞ്ച് ഔട്ട്ലെറ്റുകളുണ്ട്. കൂടാതെ പഞ്ചാബി ബാഗിൽ മറ്റൊരു ഔട്ട്ലെറ്റും ഒരുങ്ങുന്നുണ്ട്.
4 ഭരണനിർവ്വഹണ ജീവനക്കാരും 20-22 ഗ്രൗണ്ട് സ്റ്റാഫുകളും അടങ്ങുന്നതാണ് ഇവരുടെ ടീം. എല്ലാ ഔട്ട്ലെറ്റുകളിലുമായി ദിവസേന 1,000 മുതൽ 1,500 വരെ ഉപഭോക്താക്കൾ എത്താറുണ്ട്. തുടക്കം മുതൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം കപ്പ് കാപ്പിയാണ് ഇവർ വിറ്റഴിച്ചത്.
നിലവിൽ പ്രതിമാസം ഏകദേശം 20 ലക്ഷം രൂപ വരുമാനം നേടുന്ന ഈ ബിസിനസ്സ്, പ്രതിവർഷം 2.4 കോടി രൂപയുടെ വിറ്റുവരവിലേക്ക് ഉയർന്നിട്ടുണ്ട്. വരും നാളുകളിൽ ലക്ഷ്യമിടുന്ന വിപണികളിൽ ഓരോ രണ്ട് കിലോമീറ്ററിലും കോഫി കാഫി ഔട്ട്ലെറ്റുകൾ തുറക്കാനാണ് ഇരുവരും പദ്ധതിയിടുന്നത്.




