2026-ലെ കോമൺവെൽത്ത് ഗെയിംസിലെ പാര അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം. പുരുഷന്മാരുടെ 100 മീറ്റർ T47 ഇനത്തിൽ ദിലീപ് മഹാദു ഗാവിത് പുതിയ ഗെയിംസ് റെക്കോർഡോടെ സ്വർണ്ണമെഡൽ സ്വന്തമാക്കിയപ്പോൾ, മലയാളിയായ പൊന്നാനിക്കാരന്‍ മുഹമ്മദ് ബേസിൽ മോർസിംഗനകത്തി വെള്ളി മെഡൽ നേടി ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു. 10.71 സെക്കൻഡിൽ ഓടിയെത്തിയാണ് ഗാവിത് നിലവിലെ ഗെയിംസ് റെക്കോർഡ് തകർത്ത് ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ 10.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബേസിൽ വെള്ളി മെഡലും ഇന്ത്യയുടെ അക്കൗണ്ടിലെത്തിച്ചു.
ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിനും വനിതകളുടെ ഷോട്ട്പുട്ട് F57 ഇനത്തിൽ ഷർമിളയ്ക്കും ശേഷം ഈ ടൂർണമെന്റിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വർണ്ണമെഡലാണിത്. ഇംഗ്ലണ്ടിന്റെ കെവിൻ സാന്റോസ് (10.85 സെക്കൻഡ്) വെങ്കല മെഡൽ നേടി.
ഗ്ലാസ്‌ഗോ ട്രാക്കിൽ ഇന്ത്യൻ താരങ്ങൾ കാഴ്ചവെച്ച ഈ മികച്ച പ്രകടനം പാര അത്‌ലറ്റിക്സിൽ ഇന്ത്യയുടെ വളർന്നുവരുന്ന കരുത്ത് വിളിച്ചോതുന്നതാണ്. ഈ ഇരട്ട മെഡൽ നേട്ടത്തോടെ നിലവിലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ സംഖ്യ 15 ആയി ഉയർന്നു. 3 സ്വർണ്ണവും 9 വെള്ളിയും 3 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.
മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള തോറൻ ഡോംഗരി എന്ന ചെറിയ ഗ്രാമത്തിൽ ഒരു സാധാരണ കർഷക കുടുംബത്തിലാണ് ദിലീപ് ഗാവിത് ജനിച്ചത്. അഞ്ചോ ആറോ വയസ്സുള്ളപ്പോൾ മരത്തിൽ നിന്ന് വീണ് അദ്ദേഹത്തിന്റെ വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യഥാസമയം വൈദ്യസഹായം ലഭിക്കാതിരുന്നതിനെ തുടർന്ന് അണുബാധ ഉണ്ടാവുകയും കൈമുട്ടിന് താഴെവെച്ച് കൈ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തു. എന്നാൽ ഈ വലിയ തിരിച്ചടിയിലും തളരാതെ ഗ്രാമത്തിലെ പൊടിനിറഞ്ഞ റോഡുകളിൽ ഓടി പരിശീലിച്ചാണ് അദ്ദേഹം തന്റെ കായിക സ്വപ്നങ്ങൾ വളർത്തിയത്. പിന്നീട് പരിശീലകനായ വൈജ്‌നാഥ് കാലെ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിയുകയും പ്രൊഫഷണൽ പാര അത്‌ലറ്റിക്സിലേക്ക് വഴിനടത്തുകയുമായിരുന്നു.
മുമ്പ് 2022-ലെ ഏഷ്യൻ പാര ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്റർ T47 ഇനത്തിൽ സ്വർണ്ണം നേടിയ ഗാവിത്, ആ ഗെയിംസിൽ ഇന്ത്യയുടെ ചരിത്രപരമായ 100-ാമത് മെഡലാണ് സ്വന്തമാക്കിയത്. കൂടാതെ 2024 പാരീസ് പാരലിമ്പിക്സിലും അദ്ദേഹം 400 മീറ്റർ T47 ഇനത്തിന്റെ ഫൈനലിൽ എത്തി രാജ്യത്തിന്റെ അഭിമാനമായി മാറിയിരുന്നു.




