Crime

മറ്റൊരു കുഞ്ഞിനെയും വിറ്റതായി കണ്ടെത്തല്‍; ഇടപാടുകള്‍ ഇന്‍സ്റ്റഗ്രാം വഴി, ഇടനിലക്കാരിയായ യുവതി അറസ്റ്റില്‍

ഈരാറ്റുപേട്ട: തീക്കോയിയില്‍ ഗര്‍ഭിണിയായ യുവതിയെ എത്തിച്ച് പ്രസവിപ്പിച്ച ശേഷം നവജാതശിശുവിനെ വില്‍പ്പന നടത്തിയെന്ന കേസില്‍ മൂന്നാം പ്രതിയായ കൊല്ലം സ്വദേശിനി അനീന അറസ്റ്റിലായി. ഈ അനധികൃത ഇടപാടിൽ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് അനീനയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസിൽ പോലീസ് നടത്തുന്ന മൂന്നാമത്തെ അറസ്റ്റാണിത്.

കേസിൽ നേരത്തെ പിടിയിലായ തമിഴ്‌നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്‍ജുന്‍ എന്നിവരെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അനീനയെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതര സംസ്ഥാനങ്ങളില്‍നിന്നു ഗര്‍ഭിണികളെ എത്തിച്ച് നവജാതശിശുക്കളെ അനധികൃതമായി വിൽക്കുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. എട്ടു മാസം മുമ്പ് മറ്റൊരു കുഞ്ഞിനെയും സംഘം വിറ്റതായി പോലീസ് കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് കുഞ്ഞിനെ കൈമാറിയതെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിനെ വാങ്ങിയവരുടെ പങ്കിനെക്കുറിച്ചും അവരെ പ്രതി ചേര്‍ക്കണമോ എന്നതിനെക്കുറിച്ചും പരിശോധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാമത്തെ കേസിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 22 കാരിയായ അസം സ്വദേശിനിയുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പ്രതികൾ ബന്ധപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതി നൽകിയ മൊഴി പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് കോട്ടയം എസ്.പി കെ.എം. സാബു മാത്യു പറഞ്ഞു. കുഞ്ഞിനെ വില്‍പ്പനയ്ക്കായി പാര്‍പ്പിച്ചിരുന്ന തീക്കോയിയിലെ വീട്ടില്‍ മറ്റു ഗര്‍ഭിണികളും ഉണ്ടായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയതോടെ കൂടുതൽ ആളുകൾ ഇതിനു പിന്നിലുണ്ടെന്ന സംശയം ശക്തമായിട്ടുണ്ട്.

നിലവിൽ അറസ്റ്റിലായ പ്രതികള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും മുൻപ് നടന്ന കുഞ്ഞിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് മറ്റ് ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ചുവരികയാണ്. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് എസ്.പി കെ.എം. സാബു മാത്യുവും പാലാ ഡിവൈ.എസ്.പി കെ. സദനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *