Featured Good News

TCS ജോലി വേണ്ടെന്നുവെച്ച് അരിക്കച്ചവടത്തിലേക്ക്; ഇന്ന് വർഷം 25 ലക്ഷം വരുമാനം! സൂപ്പർ സക്സസ് സ്റ്റോറി!

റ്റാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ജോലി ഓഫർ വേണ്ടെന്ന് വെച്ച് അരി വിതരണ ബിസിനസ്സ് തുടങ്ങി വർഷത്തിൽ 25 ലക്ഷത്തോളം രൂപ സമ്പാദിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അങ്കിത് പാണ്ഡെ എന്ന എക്സ് ഉപയോക്താവാണ് ഈ കഥ പങ്കുവെച്ചത്.

കാമ്പസ് പ്ലേസ്മെന്റിലൂടെ ലഭിച്ച ടി.സി.എസ് ജോലി വേണ്ടെന്ന് വെച്ചപ്പോൾ തന്റെ സുഹൃത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടിവന്നതായി അദ്ദേഹം പറയുന്നു. ഒരു കോർപ്പറേറ്റ് ജോലിയുടെ സുരക്ഷിതത്വം ഉപേക്ഷിക്കുന്നത് വലിയ അബദ്ധമാണെന്നാണ് പലരും കരുതി . എന്നാൽ, വിവിധ ഗ്രാമങ്ങളിലെയും സംസ്ഥാനങ്ങളിലെയും കർഷകരിൽ നിന്ന് നേരിട്ട് അരി സംഭരിച്ച് ഒരു ബിസിനസ്സ് ആരംഭിക്കാനാണ് ആ യുവാവ് തീരുമാനിച്ചത്.

കർഷകരിൽ നിന്ന് നേരിട്ട് അരി വാങ്ങിയ ശേഷം അത് വൃത്തിയാക്കി സ്വന്തം ബ്രാൻഡിൽ പാക്ക് ചെയ്ത് ഏകദേശം ഇരുന്നൂറോളം റീട്ടെയിൽ കടകളിൽ എത്തിക്കുകയാണ് ഇയാൾ ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കുകയും ശക്തമായ വിതരണ ശൃംഖല ഉണ്ടാക്കുകയും ചെയ്തതിലൂടെ ലാഭകരവും സുസ്ഥിരവുമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാൻ ഇയാൾക്ക് കഴിഞ്ഞു.

ഈ ബിസിനസ്സ് രീതി എങ്ങനെയാണെന്നും പാണ്ഡെ തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. കർഷകരിൽ നിന്ന് കിലോഗ്രാമിന് 35 രൂപ നിരക്കിലാണ് അരി വാങ്ങുന്നത്. പാക്കിംഗിനായി 3 രൂപയും ഗതാഗതച്ചെലവിനായി 2 രൂപയും വരും. അങ്ങനെ ഒരു കിലോഗ്രാം അരിയുടെ ആകെ ചിലവ് 40 രൂപയാകും. ഈ പാക്ക് ചെയ്ത അരി കിലോഗ്രാമിന് 50 രൂപ നിരക്കിലാണ് വ്യാപാരികൾക്ക് വിൽക്കുന്നത്. വ്യാപാരികൾ ഇത് ഉപഭോക്താക്കൾക്ക് 55 മുതൽ 57 രൂപ വരെ നിരക്കിൽ വിൽക്കുന്നു. അങ്ങനെ ഒരു കിലോഗ്രാം അരി വിൽക്കുമ്പോൾ 10 രൂപ ലാഭം ലഭിക്കും.

പ്രതിമാസം ഏകദേശം 200 ക്വിന്റൽ അരി ഇയാൾ റീട്ടെയിൽ പങ്കാളികൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് പാണ്ഡെ അവകാശപ്പെടുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ, തന്റെ സുഹൃത്ത് വർഷത്തിൽ ഏകദേശം 25 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നാണ് അദ്ദേഹം കണക്കാക്കുന്നത്.

ഈ കണക്കുകളും ബിസിനസ്സ് വിവരങ്ങളും സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംരംഭകത്വം, റിസ്ക് എടുക്കൽ, സുരക്ഷിതമായ ഒരു കോർപ്പറേറ്റ് ജോലി മാത്രമാണോ വിജയത്തിലേക്കുള്ള വഴി എന്നീ കാര്യങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ഈ കഥ തുടക്കമിട്ടിട്ടുണ്ട്.

“കൂടുതൽ റിസ്ക് എടുക്കുമ്പോൾ കൂടുതൽ ലാഭം ലഭിക്കും എന്നതാണ് ജീവിതത്തിലെ ലളിതമായ നിയമം. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക് എടുത്ത വ്യക്തിയാണയാൾ,” എന്ന് ഒരു എക്സ് ഉപയോക്താവ് കുറിച്ചു. “ബിരുദമുണ്ടെങ്കിലും ഇല്ലെങ്കിലും സ്വന്തമായി ഒരു വിതരണ ശൃംഖല ഉണ്ടാക്കുന്നത് സാധാരണ കോർപ്പറേറ്റ് ശമ്പളത്തേക്കാൾ എപ്പോഴും മുന്നിലായിരിക്കും,” എന്ന് മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു.

“റിസ്ക് എടുത്ത് സ്വന്തം ലക്ഷ്യത്തിലേക്ക് മുന്നേറുക എന്നതാണ് പ്രധാനം, ധൈര്യമുള്ളവർ അത് നേടിയെടുക്കും,” എന്ന് മൂന്നാമതൊരാൾ പറഞ്ഞു. എന്നാൽ “ഇത് കാണുമ്പോൾ വളരെ ലളിതമായി തോന്നാമെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല. സ്വന്തം ബിസിനസ്സിൽ കൂടുതൽ ഉത്തരവാദിത്തം വേണം. ടി.സി.എസിൽ നിന്ന് ശമ്പളം വാങ്ങുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ് ബിസിനസ്സിൽ നിന്ന് ലാഭമുണ്ടാക്കാൻ,” എന്നായിരുന്നു വേറൊരാളുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *