Featured Good News

‘പ്രിയപ്പെട്ട കള്ളാ.. ആ സൈക്കിള്‍ തിരിച്ചു കൊടുക്കൂ..’; 5 ലക്ഷവും ജോലിയും തരാമെന്ന് ബോച്ചെ

നഷ്ടപ്പെട്ട സൈക്കിൾ പ്രകാശൻ ചേട്ടന് വീണ്ടെടുത്ത് നൽകാൻ സഹായഹസ്തവുമായി വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. കഴിഞ്ഞ 70 വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രിയപ്പെട്ട സൈക്കിൾ മോഷണം പോയ സങ്കടത്തിൽ കഴിയുന്ന പ്രകാശനെ സഹായിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ ഈ ഇടപെടൽ. പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ എത്തിച്ചു നൽകുന്ന കള്ളന് 5 ലക്ഷം രൂപയാണ് അദ്ദേഹം പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള മനോരമയിൽ വന്ന വാർത്ത കണ്ടതിനെ തുടർന്നാണ് ബോബി ചെമ്മണ്ണൂർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. കള്ളന് സമ്മാനം പ്രഖ്യാപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ ഇതിനോടകം 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.

പ്രകാശൻ ചേട്ടന്റെ വാർത്ത പത്രത്തിൽ വായിച്ചപ്പോൾ വലിയ വിഷമം തോന്നിയെന്നും അതിനാലാണ് ഇത്തരമൊരു പരിതോഷികം പ്രഖ്യാപിച്ചതെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കുന്നു. വീഡിയോയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ കള്ളന് ബന്ധപ്പെടാമെന്നും നേരിട്ടെത്തി സൈക്കിൾ തിരികെ ഏൽപ്പിച്ചാൽ വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നുണ്ട്. അതിനുപുറമേ, തെറ്റ് തിരുത്തി മോഷണം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തയ്യാറാണെങ്കിൽ കള്ളന് നല്ലൊരു ജോലി വാഗ്ദാനം ചെയ്യാനും ബോബി ചെമ്മണ്ണൂർ തയ്യാറായിട്ടുണ്ട്. നിരവധി ഫോൺകോളുകൾ ഇതിനോടകം വന്നെങ്കിലും യഥാർത്ഥ കള്ളൻ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രി ഇടപ്പള്ളി ടോളിലെ ഒരു കടയുടെ മുന്നിൽ നിന്നാണ് പ്രകാശന്റെ സൈക്കിൾ മോഷണം പോയത്. 70 വർഷത്തിലധികം പഴക്കമുള്ള ഈ റാലി സൈക്കിൾ പ്രകാശന് സമ്മാനിച്ചത് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. പ്രീമിയർ ടയേഴ്സിലെ ജീവനക്കാരനായിരുന്ന പിതാവ് തന്റെ യാത്രകൾക്കായി ഉപയോഗിച്ചിരുന്ന ഈ സൈക്കിൾ പിന്നീട് പ്രകാശന് കൈമാറുകയായിരുന്നു. തന്റെ ആയുസ്സ് തീരും മുൻപ് ഈ അപൂർവ്വ സൈക്കിൾ കൊച്ചുമകന് കൈമാറണമെന്നതായിരുന്നു പ്രകാശന്റെ ആഗ്രഹം. ‘സൈക്കിൾ ഒരിക്കലും നശിപ്പിക്കരുത്, ആർക്കും വിൽക്കുകയും ചെയ്യരുത്’ എന്നായിരുന്നു അച്ഛൻ മരിക്കുന്നതിന് തൊട്ടുമുൻപ് പ്രകാശനോട് പറഞ്ഞിരുന്നത്.

കഴിഞ്ഞ 70 വർഷത്തിനിടയിൽ ഒരേയൊരു തവണ മാത്രമാണ് ഈ സൈക്കിളിൽ പോകുമ്പോൾ പ്രകാശന് ഒരപകടം പറ്റിയിട്ടുള്ളൂ. പ്രകാശന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒന്നായ ഈ സൈക്കിളും കൊണ്ട് അദ്ദേഹം പണ്ട് മെട്രോ യാത്രയും നടത്തിയിട്ടുണ്ട്. സ്വന്തം പിതാവിന്റെ ചരമവാർഷികത്തിന്റെ തലേന്നാണ് പ്രകാശന് ഈ വലിയ നഷ്ടം സംഭവിച്ചത്. സൈക്കിൾ കാണാതായ സംഭവത്തിൽ പ്രകാശൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *